Skip to main content

കുരീപ്പുഴ മാലിന്യ സംസ്‌കരണം: കേരളപ്പിറവി ദിനത്തില്‍ വിഷയാവതരണ യോഗം

കൊല്ലം കോര്‍പ്പറേഷന്‍ പരിധിയിലെ കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍  മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവ്യക്തകളും ആശങ്കകളും അവസാനിപ്പിക്കാന്‍ വിഷയാവതരണമെന്ന നിര്‍ദേശവുമായി മന്ത്രി ജെ മേഴ്സികുട്ടിയമ്മ. നവംബര്‍ ഒന്ന് കേരളപ്പിറവി ദിനത്തില്‍ രാവിലെ 11 മണിക്ക് കാങ്കത്ത്മുക്ക് സണ്‍ ബേ ഓഡിറ്റോറിയത്തില്‍ കോവിഡ് മാനദണ്ഡം പാലിച്ച്  പരിപാടി സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു. ശാസ്ത്രീയമായി ഗ്രീന്‍ ട്രിബൂണലിന്റെ അംഗീകാരമുള്ള മാലിന്യ സംസ്‌കരണത്തെക്കുറിച്ച് തെറ്റിദ്ധാരണകളും ആശങ്കകളും നിലനില്‍ക്കുന്നതിനാലാണ് പൊതുജനങ്ങള്‍ക്കായി പദ്ധതി വിശദീകരണമെന്ന് മന്ത്രി പറഞ്ഞു.
ഡിപ്പോയില്‍ പരമ്പരാഗത രീതികള്‍ പിന്തുടര്‍ന്നുള്ള മാലിന്യ സംസ്‌കരണം പൂര്‍ണമായും ഇല്ലാതാക്കിയിട്ടുണ്ട്. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുള്ള ആധുനിക സംസ്‌കരണ രീതികള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് കോര്‍പ്പറേഷന്‍. ജനസാന്ദ്രത വര്‍ധിക്കുന്നതിനനുസരിച്ച് മാലിന്യ നിക്ഷേപവും വര്‍ധിക്കുന്നുണ്ട്, മാലിന്യ സംസ്‌കരണത്തിന് ദീര്‍ഘവീക്ഷണത്തോടെയുള്ള കര്‍മ്മപദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്  മന്ത്രി പറഞ്ഞു.
ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ യോഗത്തില്‍ അധ്യക്ഷനായി. പലകുറി പദ്ധതി സംബന്ധിച്ച് വിശദമാക്കാന്‍ ശ്രമിച്ചിട്ടും എതിര്‍പ്പുമായി നില്‍ക്കുന്ന ചിലര്‍ അത് മനസിലാക്കാന്‍ വിമുഖത കാട്ടുന്നതായി മേയര്‍ ഹണി ബഞ്ചമിന്‍  യോഗത്തില്‍ പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചയില്‍ നിന്നും പലരും ബോധപൂര്‍വ്വം വിട്ടുനില്‍ക്കുന്നത് ഖേദകരമാണെന്നും മേയര്‍ പറഞ്ഞു.
പ്രാദേശിക രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, സമരസമിതി പ്രതിനിധികള്‍, പരിസ്ഥിതിപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഡിപ്പോയില്‍ നടപ്പിലാക്കുന്ന ബയോ മൈനിങ് പോലുള്ള ആധുനിക മാലിന്യ സംസ്‌കരണ രീതികളെ സംബന്ധിച്ച മുപ്പത് മിനിറ്റ് ദൈര്‍ഘ്യമുള്ള വിഷയാവതരണം നടത്തും. അവ്യക്തതകള്‍ പരിഹരിച്ച് പ്രാദേശിക സഹകരണം ഉറപ്പാക്കി ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികള്‍ നടപ്പിലാക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
ഡെപ്യൂട്ടി മേയര്‍ എസ് ഗീതാകുമാരി, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ തൃദീപ് കുമാര്‍, വി കെ അനിരുദ്ധന്‍, കൊല്ലം കോര്‍പ്പറേഷന്‍ സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2937/2020)

date