Skip to main content

കൊറോണക്കാലത്ത് സുരക്ഷിതയാത്രയൊരുക്കി  കെ എസ് ആർ ടി സി ബോൻഡ് സർവ്വീസ്

 

 

 

 

 

 സ്ഥിരം യാത്ര ചെയ്യേണ്ടവർക്ക്  കൊറോണക്കാലത്ത് സുരക്ഷിതമായ യാത്രാ സൗകര്യം നൽകുന്നതിനായി കെ എസ് ആർ ടി സി ആവിഷ്ക്കരിച്ച പ്രത്യേക സർവ്വീസാണ് ബോൻഡ് അഥവാ ബസ് ഓൺ ഡിമാൻ്റ്. ഗവൺമെൻ്റ്, ബാങ്ക്, മറ്റു സ്വകാര്യ സ്ഥാപന ജീവനക്കാരാണ് നിലവിൽ ഈ സേവനം പ്രയോജനപ്പെടുത്തുന്നത്. 

 

യാത്ര ആരംഭിക്കുന്ന സ്ഥലം, ജോലി സ്ഥലം  ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് സീറ്റ് നമ്പർ കൊടുക്കും. ഓരോ  സർവീസിനുമായി വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ, ബോണ്ട് ചുമതലയുള്ള ജീവനക്കാർ എന്നിവരും യാത്രക്കാരും ഉൾപ്പെടെയുള്ളവരാണ് ഈ ഗ്രൂപ്പിലെ അംഗങ്ങൾ. യാത്രക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ കണ്ടക്ടർ ഗ്രൂപ്പ് വഴി നൽകും. സർവ്വീസിനെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങളും അഭിപ്രായങ്ങളും യാത്രക്കാർക്ക് ഈ ഗ്രൂപ്പ് വഴി കൈമാറാവുന്നതാണ്.

 

വടകരയിൽ നിന്ന് ആരംഭിച്ച് കൊയിലാണ്ടി ബാലുശ്ശേരി താമരശ്ശേരി വഴിയും  കോഴിക്കോട് നിന്ന് ആരംഭിച്ച് കൊടുവള്ളി താമരശ്ശേരി വഴിയും കൽപ്പറ്റ സിവിൽ സ്‌റ്റേഷനിലേക്കു പോകുന്ന രണ്ട് ദീർഘദൂര സർവീസുകൾ ഉൾപ്പെടെ എട്ട് ഷെഡ്യൂളുകൾ ഉണ്ടെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ ജോഷി ജോൺ പറഞ്ഞു. 15, 20, 25 ദിവസത്തേക്ക്  ബുക്ക് ചെയ്യുന്നവർക്ക് ഈ ദിവസങ്ങളിൽ വരുന്ന പൊതു അവധി കണക്കാക്കാതെ യാത്ര ചെയ്യാം. 

 

ബോൻഡ് കാർഡെടുത്ത സ്ഥിരയാത്രക്കാരെ അവർക്ക് കയറേണ്ടിടത്തു നിന്നും കയറ്റി അവരുടെ ഓഫീസിനു മുന്നിൽ ഇറക്കും. ഓഫീസ് വിട്ടാൽ തിരിച്ചും അതു പോലെ എത്തിക്കുകയാണ് ഈ സർവ്വീസിലൂടെ. 

ബോൻഡ് യാത്രക്കാർക്കു മാത്രമായി നിത്യവും അണുവിമുക്തമാക്കിയ പ്രത്യേക ബസ്സ്, സീറ്റ് എന്നിവ ഉറപ്പായിരിക്കും. യാത്രക്കാർക്ക് പ്രത്യേക സാമൂഹിക ഇൻഷുറൻസ് പരിരക്ഷയും ഉണ്ട്. ബോൻഡ്  സർവ്വീസിൽ യാത്രക്കാർക്കായി പ്രത്യേകം ഓട്ടോമേറ്റഡ് ഹാൻഡ് സാനിറ്റൈസർ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം യാത്ര തുടങ്ങുന്ന ബസ് സ്റ്റേഷനുകളിൽ സ്വന്തം വാഹനങ്ങളിൽ എത്തുന്ന യാത്രക്കാർക്കു 10 രൂപാ ഫീസ് നൽകി തങ്ങളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. 5,10,15, 20, 25, ദിവസങ്ങളിലേക്കുള്ള യാത്രകൾക്കായി പണം മുൻകൂർ നൽകി ബോൻഡ് ട്രാവൽ കാർഡുകൾ കരസ്ഥമാക്കാം. 0495 2723796 എന്ന നമ്പറിൽ വിളിച്ച് പേരും വിവരവും നൽകി  ബോൻഡ് സർവീസിൽ പേര് രജിസ്റ്റർ ചെയ്യാം.

 

date