Skip to main content

പി.ബിജുവിന്റെ വേർപാടിൽ മുഖ്യമന്ത്രി അനുശോചിച്ചു

യുവജന നേതാവും ജനങ്ങൾക്കാകെ പ്രിയപ്പെട്ടവനുമായ പി.ബിജുവിന്റെ അകാല വിയോഗം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കേരള സമൂഹത്തിനും വലിയ നഷ്ടമാണ് തീർത്തും ആകസ്മികമായ വേർപാട്.
വിദ്യാർത്ഥി സംഘടനാ പ്രവർത്തന കാലം മുതൽക്കേ അസാമാന്യ  ധീരതയും മികച്ച  നേതൃപാടവവും കൊണ്ട് ശ്രദ്ധേയനായിരുന്നു പി ബിജു. നിരവധി വിദ്യാർത്ഥി സമരങ്ങളുടെ മുന്നണിയിൽ അചഞ്ചലനായി അദ്ദേഹമുണ്ടായിരുന്നു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എന്ന നിലയിലും മികച്ച സംഭാവനകൾ നൽകാൻ അദ്ദേഹത്തിനു സാധിച്ചു. സദാ ഊർജസ്വലനായി ജനങ്ങൾക്കിടയിൽ ഇടപെട്ട ബിജുവിന് കക്ഷിരാഷ്ട്രീയത്തിനപ്പുറമുള്ള സ്വീകാര്യത നേടാൻ കഴിഞ്ഞിരുന്നു. സമൂഹത്തെ കൂടുതൽ  ഉയരങ്ങളിലേക്ക്  നയിക്കാനുള്ള  കഴിവും മനസ്സും പ്രത്യയശാസ്ത്രാവബോധവുമുള്ള പൊതു പ്രവർത്തകനെയാണ് നാടിനു നഷ്ടപ്പെട്ടത്.  വ്യക്തിപരമായി അഗാധമായ ദുഃഖം ഉണ്ടാക്കുന്ന വേർപാടുകൂടിയാണത്.  കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും സഖാക്കളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും പി.ബിജുവിന് അന്ത്യാഭിവാദ്യങ്ങൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പി.എൻ.എക്‌സ്. 3883/2020

date