Skip to main content

കുടുംബശ്രീ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ സംവിധാനം ഗുരുവായൂരിൽ 

കുടുംബശ്രീയുടെ ദൈനംദിന പ്രവർത്തനങ്ങൾ, കണക്കുകൾ തുടങ്ങിയവ കൂടുതൽ കൃത്യതയോടെയും വേഗത്തിലും ശേഖരിക്കുന്നതിനും ക്രോഡീകരിക്കുന്നതിനുമായി ഉപയോഗിക്കാവുന്ന ആധുനിക മൊബൈൽ ആപ്ലിക്കേഷൻ പദ്ധതി 'ഡിജിറ്റൽ ശ്രീ'ക്ക് ഗുരുവായൂർ നഗരസഭയിൽ തുടക്കം. ഗുരുവായൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ ഹോബ് സൊല്യൂഷൻ എന്ന സ്റ്റാർട്ടപ്പ് കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ആപ്പ് പ്രവർത്തനം.

നഗരസഭ കെ ദാമോദരൻ ഹാളിൽ നടന്ന ചടങ്ങിൽ "ഡിജിറ്റൽ ശ്രീ" പദ്ധതി കെ വി അബ്ദുൾ ഖാദർ എം എൽ എ ഉദ്ഘാടനം ചെയ്തു. ചെയർപേഴ്സൺ എം രതി അദ്ധ്യക്ഷത വഹിച്ചു. ഓരോ അയൽക്കൂട്ടങ്ങളുടെയും വിവിധ വായ്പകളുടെ തിരിച്ചടവിൻ്റെ വിശദാംശങ്ങൾ എന്നിങ്ങനെ എല്ലാ പ്രവർത്തനങ്ങളും ആപ്പിൽ ലഭ്യമാകും. എല്ലാ മാസവും 5ആം തിയ്യതിക്കുള്ളിൽ സംസ്ഥാന മിഷനിലേക്ക് നൽകേണ്ട വിവരങ്ങൾ നൽകാനും ഇത് വഴി സാധിക്കും. ഗുരുവായൂർ നഗരസഭയിൽ രണ്ട് സി ഡി എസുകളിലായി 520 അയൽകൂട്ടങ്ങളാണുള്ളത്. ഇതിൽ 8200 അംഗങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

നഗരസഭ വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ വി വിവിധ്, ടി എസ് ഷെനിൽ, എം എ ഷാഹിന, ഷൈലജ ദേവൻ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജൻ റെജി തോമസ്, കുടുംബശ്രീ മെമ്പർ സെക്രട്ടറി പി പി പ്രകാശൻ, സി ഡി എസ് ചെയർപേഴ്സൺമാരായ ഷൈലജ സുധൻ, എം കെ ബിന്ദു എന്നിവർ പങ്കെടുത്തു.

date