Skip to main content

മാളയിൽ സഹസ്ര സരോവർ പദ്ധതി ഉദ്ഘാടനം ചെയ്തു

മാള ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുഴൂർ പഞ്ചായത്ത് പോർക്കുളത്തിന്റെയും അന്നമനട പഞ്ചായത്ത് കുട്ടൻകുളത്തിന്റെയും നവീകരണ നിർമ്മാണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ഓൺലൈനായി നിർവഹിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കാർഷിക മേഖലയിൽ ഉണ്ടായ വളർച്ച മുമ്പത്തേക്കാളും വലുതാണെന്ന് മന്ത്രി പറഞ്ഞു. കാർഷിക ക്ഷേമ ബോർഡിന്റെ പ്രവർത്തനം കർഷകർക്ക് ഗുണകരമായി മാറി. കാർഷിക ഉൽപ്പന്നങ്ങൾക്ക് മികച്ച വില കിട്ടാവുന്ന സാഹചര്യം ഓരോ കർഷകനും ഉറപ്പാക്കാനും കഴിഞ്ഞതായി മന്ത്രി കൂട്ടിച്ചേർത്തു.
കുളങ്ങളുടെയും ചിറകളുടെയും പുനരുദ്ധാരണത്തിനായി കൃഷിവകുപ്പ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് സഹസ്ര സരോവർ.
കുഴൂർ പോർക്കുളം നവീകരണത്തിനായി 101.52 ലക്ഷം രൂപയും അന്നമനട കുട്ടംകുളം നവീകരണത്തിനായി 44.19 ലക്ഷം രൂപയുമാണ് അനുവദിച്ചത്. പാർശ്വ ഭിത്തി നിർമ്മാണം, കുളത്തിന്റെ ആഴം കൂട്ടി സംഭരണ ശേഷി വർധിപ്പിക്കൽ, കുളിക്കടവ്, നടപ്പാത എന്നിവ നിർമ്മിച്ച് കുളങ്ങൾ സംരക്ഷിക്കും. കേരള ലാൻഡ് ഡവലപ്പ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ് പദ്ധതി പൂർത്തീകരിക്കുക.
വി.ആർ സുനിൽ കുമാർ എംഎൽഎ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ കേശവൻ കുട്ടി, വൈസ് പ്രസിഡന്റ് ബിജി വിത്സൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇന്ദിര ദിവകാരൻ, അന്നമനട പഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, കുഴൂർ പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ, വൈസ് പ്രസിഡന്റ് എൻ ഡി പോൾസൺ തുടങ്ങിയവർ പങ്കെടുത്തു.

date