സ്വകാര്യ ആശുപത്രികളിലെ 25 % ഡയാലിസിസ് ബെഡുകൾ കോവിഡ് പോസിറ്റീവ് രോഗികൾക്ക്
ഐ സി യു, വെന്റിലേറ്റർ, ഡയാലിസിസ് ബെഡുകൾ എന്നിവയിൽ 25 ശതമാനം കോവിഡ് പോസിറ്റീവ് രോഗികൾക്കായി മാറ്റിവച്ചതിന്റെ റിപ്പോർട്ട് രണ്ട് ദിവസത്തിനുള്ളിൽ സ്വകാര്യ ആശുപത്രി പ്രതിനിധികൾ കലക്ടർക്ക് നൽകണം. ജില്ലാ കലക്ടർ എസ് ഷാനവാസിന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി ഓൺലൈനായി നടത്തിയ യോഗത്തിലാണ് തീരുമാനം. കോവിഡ് ബാധിച്ച രോഗികൾക്ക് ഡയാലിസ് ആവശ്യമായി വരുമ്പോൾ സ്വകാര്യ ആശുപത്രികളിൽ നിന്ന് നേരെ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയാണ്. ഇതിനെ തുടർന്ന് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ ബുദ്ധിമുട്ട് അധികൃതർ കലക്ടറുടെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് യോഗം വിളിച്ചത്.
കോവിഡ് പോസിറ്റീവായതിന്റെ പേരിൽ, സ്ഥിരമായി ഡയാലിസിസ് ചെയ്യുന്ന ആശുപത്രിയിൽ ചികിത്സ നൽകാതിരിക്കുന്നത് ശരിയല്ലെന്ന് ഡിഎംഒ ഡോ. കെ ജെ റീന പറഞ്ഞു. കോവിഡ് നെഗറ്റീവായ ശേഷം രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമാണ് ഇവർക്ക് ഡയാലിസിസ് നടത്താൻ സ്വകാര്യ ആശുപത്രികൾ തയ്യാറാകുന്നത്. ഇത് ശരിയായ നടപടിയല്ലെന്ന് തൃശൂർ ഗവ.മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസും ചൂണ്ടിക്കാട്ടി.
കോവിഡ് പോസിറ്റീവായ ഡയാലിസിസ് രോഗികൾക്ക് സാമ്പത്തിക സഹായം കാസ്പ് പദ്ധതി വഴി നൽകുന്നതിനെക്കുറിച്ച് സർക്കാരുമായി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ ജില്ലയിലെ സ്വകാര്യ ആശുപത്രി പ്രതിനിധികൾ പങ്കെടുത്തു.
- Log in to post comments