മുല്ലശ്ശരി സി.എച്ച്.സിയിൽ ഡിജിറ്റൽ എക്‌സ്‌റേ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡിജിറ്റൽ എക്‌സ്‌റേ യൂനിറ്റിന്റെ ഉദ്ഘാടനം മുരളി പെരുനെല്ലി എം എൽ എ നിർവഹിച്ചു. 2019 -20 സാമ്പത്തിക വർഷത്തെ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും വകയിരുത്തിയ 25 ലക്ഷം രൂപ വിനിയോഗിച്ചാണ് ഡിജിറ്റൽ എക്‌സ്‌റേ യൂനിറ്റ് സ്ഥാപിച്ചത്. എക്‌സ്‌റേ മെഷീനും കമ്പ്യൂട്ടർ റേഡിയോഗ്രാഫി സിസ്റ്റവും ഉൾക്കൊള്ളുന്ന ഡിജിറ്റൽ യൂനിറ്റിന്റെ വരവോടെ എക്‌സ്‌റേ റിസൾട്ട് ഷീറ്റിന്റെ വാഷിംഗ്, ഡ്രൈയിംഗ് ഘട്ടങ്ങൾക്ക് കാത്ത് നിൽക്കാതെ അതിവേഗം ഡിജിറ്റൽ രൂപേണ എക്‌സ്‌റേ റിസൾട്ട് ഷീറ്റ് രോഗികൾക്ക് ലഭ്യമാക്കാനാകും. പൂർണമായും ഡിജിറ്റലായതിനാൽ എക്‌സ്‌റേ ഷീറ്റിന് കൂടുതൽ വ്യക്തത ലഭിക്കും. എ.പി.എൽ കാർഡുകാർക്ക് 100 രൂപയും ബി.പി.എൽ കാർഡുകാർക്ക് 75 രൂപ നിരക്കിലുമാണ് എക്‌സ്‌റേ എടുക്കുന്നതിന് ഈടാക്കുക. ഒരു റേഡിയോഗ്രാഫർ ആയിരിക്കും ഡിജിറ്റൽ എക്‌സ്‌റേ ലാബിൽ പ്രവർത്തിക്കുക.
ചടങ്ങിൽ, കായകല്പം ചികിത്സയിൽ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ അഞ്ചാം സ്ഥാനവും കരസ്ഥമാക്കിയ സി.എച്ച്.സി ജീവനക്കാരെ അവാർഡുകൾ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൻ ജെന്നി ജോസഫ്, മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ പി ബെന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി കെ രവീന്ദ്രൻ, സ്ഥിരം സമിതി ചെയർപേഴ്‌സൻമാരായ ജിഷ പ്രമോദ്, ബി ആർ സന്തോഷ്, സി എച്ച് സി സൂപ്രണ്ട് ഡോ. കെ ടി സുജ, ഹെൽത്ത് സൂപ്പർവൈസർ കെ ജി ഗോപിനാഥൻ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ മുഹമ്മദ് ഫൈസൽ, പി രാജേഷ് എന്നിവർ പങ്കെടുത്തു.
- Log in to post comments