തിരൂര്‍ താലൂക്കില്‍ മൂന്ന് വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകുന്നു
തിരൂര്‍ താലൂക്കിലെ തീരദേശ വില്ലേജായ നിറമരുതൂര്‍, കോട്ടക്കല്‍ നിയമസഭാ മണ്ഡലത്തിലെ വളാഞ്ചേരി ഉള്‍ക്കൊള്ളുന്ന കാട്ടിപ്പരുത്തി, ഇരിമ്പിളിയം വില്ലേജ് ഓഫീസ് എന്നിവയാണ് സ്മാര്‍ട്ട് ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നത്. കാട്ടിപ്പരുത്തി, ഇരിമ്പിളിയം വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനവും പട്ടയവിതരണവും ആബിദ് ഹുസൈന് തങ്ങള്‍ എം.എല്‍.എ നിര്‍വഹിച്ചു. വളാഞ്ചേരി വൈക്കത്തൂര്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ്കുട്ടി അധ്യക്ഷനായി.
ആധുനിക കെട്ടിട സമുച്ചയത്തോടൊപ്പം റവന്യു വകുപ്പ് നല്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഭൂരിഭാഗവും പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിനും ലഭ്യമാക്കുന്നതിനമുള്ള സൗകര്യമാണ് സ്മാര്‍ട്ട് വില്ലേജിലൂടെ ഒരുക്കുന്നത്.
കാട്ടിപ്പരുത്തി വില്ലേജ് ഓഫീസ്
വളാഞ്ചേരി ബസ് സ്റ്റാന്റിന് എതിര്‍വശത്തായി റവന്യൂവകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് നിലവിലുള്ള കെട്ടിടം പൊളിച്ച് മാറ്റിയാണ് കാട്ടിപ്പരുത്തി സ്മാര്‍ട്ട് വില്ലേജിന് കെട്ടിടമൊരുക്കുന്നത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ കെട്ടിട നിര്‍മാണത്തിനും നാല് ലക്ഷം രൂപ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായാണ് സര്‍ക്കാര്‍ നീക്കി വച്ചിട്ടുള്ളത്.
ഇരിമ്പിളിയം വില്ലേജ് ഓഫീസ്
ഇരിമ്പിളിയം വലിയകുന്നില്‍ റവന്യൂവകുപ്പിന്റെ സ്ഥലത്ത് ജീര്‍ണ്ണാവസ്ഥയിലുള്ള നിലവിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിയാണ് കേരള പുനര്‍നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആധുനിക സൗകര്യങ്ങളോടെ പുതിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നത്. കെട്ടിടം നിര്‍മിക്കുന്നതിനായി 40 ലക്ഷം രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് നാല് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്.
തീരദേശ ഗ്രാമങ്ങളുടെ ശാക്തീകരണം മുന്‍നിര്‍ത്തി തിരൂര്‍ താലൂക്കിലെ തീരദേശ പഞ്ചായത്തുകളായ പുറത്തൂര്‍, വെട്ടം എന്നീ പഞ്ചായത്തുകളിലെ വില്ലേജ് ഓഫീസ് കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റി റവന്യൂ വകുപ്പിന് കീഴിലുള്ള ഭൂമിയില്‍ തന്നെ പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുകയാണ്.
വളാഞ്ചേരി നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ. റുഫീന, ബ്ലോക്ക് അംഗങ്ങളായ കുന്നത്ത് ഫസീല ടീച്ചര്‍, കൈപ്പള്ളി അബ്ദുള്ളക്കുട്ടി, നഗരസഭ സ്ഥിരം സമിതി ചെയര്മാന് സി.കെ. അബ്ദുല്‍ നാസര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, തിരൂര്‍ തഹസില്‍ദാര്‍ ടി. മുരളി, ഡപ്യൂട്ടി തഹസില്‍ദാര്‍ കെ.എ ജലീല്‍, വില്ലേജ് ഓഫീസര്‍മാരായ ജയശങ്കര്‍ (കാട്ടിപ്പരുത്തി), രാജു (ഇരിമ്പിളിയം) എന്നിവര്‍ സംസാരിച്ചു.
നിറമരൂതൂര്‍ വില്ലേജ് ഓഫീസ്
നിറമരൂതൂര്‍ പഞ്ചായത്തിലെ വില്ലേജ് ഓഫീസിനെ സ്മാര്‍ട്ടാക്കുന്നു. റീ ബിള്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 40 ലക്ഷം രൂപയുടെ പുതിയ കെട്ടിടവും നാല് ലക്ഷം രൂപ ചെലവില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയുമാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സജ്ജീകരിക്കുന്നത്. റവന്യൂ വകുപ്പിന്റെ അധീനതയിലുള്ള നിറമരുതൂര്‍ ചക്കരമൂലയിലെ ഒന്‍പതര സെന്റ് സ്ഥലത്ത് നിലവിലുള്ള കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റിയാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് സ്ഥാപിക്കുന്നത്.
ചടങ്ങില്‍ വിശിഷ്ടാതിഥിയായ വി.അബ്ദുറഹ്മാന് എം.എല്‍.എ ശിലാഫലകം അനാച്ഛാദനം ചെയ്തു. നിറമരൂതൂരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.വി സുഹറ റസാഖ് അധ്യക്ഷനായി. വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, സ്ഥിരംസമിതി അധ്യക്ഷരായ സുബൈദ ഷാലിമാര്‍, താനൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.അശോകന്, പഞ്ചായത്തംഗം കെ.ടി ശശി, നിറമരുതൂര്‍ വില്ലേജ് ഓഫീസര്‍ റെജി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments