ദേശീയപാത വികസനം: നഷ്ടപരിഹാര വിതരണോദ്ഘാടനം ഇന്ന് സ്പീക്കര്‍ നിര്‍വഹിക്കും
ഏറെ കാത്തിരിപ്പിന് ശേഷം ദേശീയപാത വികസനം മലപ്പുറം ജില്ലയില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ദേശീയ പാതവികസനവുമായി ബന്ധപ്പെട്ട് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണോദ്ഘാടനം ഇന്ന് ( നവംബര്‍ അഞ്ച്) രാവിലെ 10ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ നിര്‍വഹിക്കും. വീഡിയോ കോണ്‍ഫറന്‍സ് മുഖേന റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷനാകും. ഉന്നത വിദ്യാഭ്യാസ - ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ എന്നിവര്‍ മുഖ്യാതിഥികളാകും. എം.പി.മാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായിരിക്കും.
രാമനാട്ടുകര-വളാഞ്ചേരി, വളാഞ്ചേരി-കാപ്പിരിക്കാട് എന്നീ രണ്ടു പദ്ധതികളില്‍ ഉള്‍പ്പെടുത്തി ദേശീയപാതാ 66 (പഴയത് - 17) ജില്ലയില്‍ വികസിപ്പിക്കുന്നതിനായി ടെന്‍ഡര്‍ ദേശീയപാത അതോറിറ്റി ഇതിനകം തന്നെ പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് ദേശീയപാത അതോറിറ്റിക്ക് കൈമാറി മൂന്ന് മാസത്തിനകം തന്നെ നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
തിരൂര്‍ താലൂക്കിലെ നടുവട്ടം വില്ലേജിലെ നഷ്ടപരിഹാര വിതരണമാണ് ഇന്ന് നടക്കുന്നത്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷടപരിഹാരം നല്‍കുന്നത്. ദേശീയപാത ഭൂമി ഏറ്റെടുക്കലില്‍ നഷ്ടപരിഹാരത്തിന് പുറമെ പുനരധിവാസത്തിനുള്ള സാമ്പത്തിക സഹായവും രാജ്യത്ത് തന്നെ ആദ്യമായി അനുവദിക്കുന്നുവെന്ന പ്രത്യേകതയും ഈ ചടങ്ങിനുണ്ട്. 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഭൂമിക്കും, കെട്ടിടങ്ങളുള്‍പ്പെടെയുള്ള എല്ലാ നിര്‍മിതികള്‍ക്കും, കാര്‍ഷിക വിളകള്‍ക്കും, മരങ്ങള്‍ക്കും പ്രത്യേകമായി വില നിര്‍ണ്ണയം നടത്തി സമശ്വാസപ്രതിഫലവും ചേര്‍ത്ത് ഇരട്ടിതുകയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. വിജ്ഞാപന തീയതിക്ക് മൂന്ന് വര്‍ഷം മുമ്പ് വരെ രജിസ്റ്റര്‍ ചെയ്ത എല്ലാ വിലയാധാരങ്ങളും പരിശോധിച്ച് സമാനമായഭൂമികളുടെ ഏറ്റവും മുന്തിയ പകുതി ആധാരങ്ങളിലെ ശരാശരി വിലയാണ് മാര്‍ക്കറ്റ് വിലയായി നിശ്ചയിക്കുന്നത് 1.2 ഗുണനഘടകവും 100 ശതമാനം സമാശ്വാസ പ്രതിഫലവും വിജ്ഞാപന തീയതി മുതല്‍ 2020 ജൂലെ 28 വരെ 12 ശതമാനം നിരക്കില്‍ വര്‍ധനവും അടക്കം നടുവട്ടം വില്ലേജില്‍ ഒരു സെന്റ് ഭൂമിക്ക് 4,70,540 രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്. കെട്ടിടം ഉള്‍പ്പെടെയുള്ള നിര്‍മിതികള്‍ക്ക് നിലവിലെ നിര്‍മാണ ചെലവ് (പൊതുമരാമത്ത് വകുപ്പിന്റെ നിരക്കില്‍) അടിസ്ഥാനമാക്കിയാണ് വിലനിര്‍ണ്ണയം നടത്തിയിട്ടുള്ളത്. കെട്ടിടത്തിന്റെ കാലപഴക്കം പരിഗണിച്ചിട്ടില്ല. വില നിര്‍ണ്ണയത്തില്‍ നിന്നും ആറ് ശതമാനം സാല്‍വേജ് വാല്യൂ കുറച്ചതിന് ശേഷം ലഭിക്കുന്ന തുകയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
ഇത്തരത്തില്‍ വാണിജ്യകെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 5412 രൂപവരെയും താമസകെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര അടിക്ക് 3896 രൂപവരെയും അനുവദിച്ചിട്ടുണ്ട്. കെട്ടിട ഉടമക്ക് ആവശ്യമങ്കില്‍ കെട്ടിടം സ്വയം പൊളിച്ച് മാറ്റി നിര്‍മാണ സാമഗ്രികള്‍ കൂടുതല്‍ തുക നല്‍കാതെ ഏറ്റെടുക്കാം. കാര്‍ഷിക വിളകള്‍ക്ക് വിള ഇന്‍ഷൂറന്‍സില്‍ അനുവദിക്കുന്ന തുകയുടെ ഇരട്ടി തുകയാണ് നഷ്ടപരിഹാരമായി അനുവദിക്കുന്നത്. മറ്റ് മരങ്ങള്‍ക്ക് വനം വകുപ്പ് നിശ്ചയിക്കുന്ന തുകയുടെ ഇരട്ടിയും നല്‍കും.
വിതരണോദ്ഘാടനം നടക്കുന്ന നടുവട്ടം വില്ലേജില്‍ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കുന്നത് 2.7940 ഹെക്ടര്‍ ഭൂമിയാണ്. അതില്‍ 2.6735 ഹെക്ടര്‍ സ്വകാര്യ ഭൂമിയും 0.1205 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമിയുമാണ്. 64 പേരില്‍ നിന്നാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയില്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുന്ന ഒമ്പത് വീടുകളും പതിനൊന്ന് കച്ചവട സ്ഥാപനങ്ങളും ഉള്‍പ്പെടുന്നു. നഷ്ടപ്പെടുന്ന വീടുകള്‍ക്ക് നഷ്ടപരിഹാരത്തിന് പുറമെ 2,86,000 രൂപ വീതവും വ്യാപാരികള്‍ക്ക് 75,000 രൂപ വീതവും മൊത്തം 33.99 ലക്ഷം രൂപ പുനരധിവാസത്തിനായി അനുവദിച്ചിട്ടുണ്ട്. 630 സെന്റ് സ്വകാര്യഭൂമിക്ക് അനുവദിച്ചിരിക്കുന്ന മൊത്തം നഷ്ടപരിഹാരം 29.67 കോടി രൂപയാണ്. 18.09 കോടി രൂപ കെട്ടിടങ്ങള്‍ക്കും 27.45 ലക്ഷം രൂപ കാര്‍ഷിക വിളകള്‍ക്കും 5.39 ലക്ഷം രൂപ മരങ്ങള്‍ക്കും നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട.് ഇത്തരത്തില്‍ നടുവട്ടം വില്ലേജില്‍ നഷ്ടപരിഹാരമായി അനുവദിച്ചിരിക്കുന്ന മൊത്തം തുക 48.43 കോടി രൂപയാണ്. അതിന്റെ 75 ശതമാനം ദേശീയപാതാ അതോറിറ്റിയും 25 ശതമാനം സംസ്ഥാന സര്‍ക്കാറുമാണ് നല്‍കുന്നത്.
കുറ്റിപ്പുറം (പൈങ്കണ്ണൂര്‍), ആതവനാട്, മാറാക്കര, തെന്നല വില്ലേജുകളിലെ നഷ്ടപരിഹാരം നിശ്ചയിച്ച് ഫണ്ടിനായി ദേശീതപാത അതോറിറ്റിക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. തേഞ്ഞിപ്പലം, പള്ളിക്കല്‍, പെരുമ്പടപ്പ് വില്ലേജുകളിലെ നഷ്ടപരിഹാര നിര്‍ണ്ണയവും പൂര്‍ത്തിയായിട്ടുണ്ട്. ഫണ്ടിനുവേണ്ടി ഉടന്‍ അപേക്ഷിക്കും. മുഴുവന്‍ വില്ലേജുകളിലെയും നഷ്ടപരിഹാര നിര്‍ണ്ണയം ഡിസംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കുന്നതിനും മൂന്നുമാസത്തിനകം മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് കൈമാറുന്നതിനുമുള്ള പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ചടങ്ങില്‍ ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി, വൈസ് പ്രസിഡന്റ് പരപ്പാറ സിദ്ദീഖ്, പഞ്ചായത്തംഗങ്ങളായ ടി.സി. ഷമീല, പ്രിയ പള്ളിയാലില്‍, ഷംസുദ്ദീന്‍, ജില്ലാകലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, റവന്യൂ ദുരന്ത നിവാരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലക്, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിങ്, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കെ. ബിജു, ദേശീയപാത അതോറിറ്റി റീജിയനല്‍ ഓഫീസര്‍ ബി.എന്‍. മീണ, ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടര്‍ ജെ. ബാലചന്ദര്‍, ദേശീയപാത വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ.ഒ അരുണ്‍ തുടങ്ങിയവര്‍ സംസാരിക്കും.
ദേശീയപാത 66 (പഴയ 17) മലപ്പുറം ജില്ലയില്‍ രാമനാട്ടുകര മുതല്‍ കാപ്പിരിക്കാട്ടുവരെ കടന്നപോകുന്ന മൊത്തം ദൂരം 77 കിലോമീറ്ററാണ്. ഇത്രയും ദൂരം 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനായി 203 ഹെക്ടര്‍ (501 ഏക്കര്‍) ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി, കൊണ്ടോട്ടി താലൂക്കുകളിലെ 24 വില്ലേജുകളില്‍ നിന്നായി 8300 ലേറെ ഉടമസ്ഥരില്‍ നിന്നുമാണ് ഇത്രയും ഭൂമി ഏറ്റെടുക്കുന്നത്.
ഭൂമി ഏറ്റെടുക്കുന്നതിന് ജനങ്ങളുടെ മികച്ച പിന്തുണയോടെ മറ്റ് ജില്ലകള്‍ക്ക് മാതൃകയാകുന്ന രീതിയില്‍ ഭൂമി ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ ജില്ലയില്‍ പുരോഗമിക്കുന്നു. 77 കിലോമീറ്റര്‍ ദൂരത്തില്‍ അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തി റിക്കോര്‍ഡ് വേഗത്തില്‍ 25 പ്രവൃത്തി ദിനങ്ങള്‍ കൊണ്ട് പൂര്‍ത്തിയായി. 24 വില്ലേജുകളില്‍ അഞ്ച് വില്ലേജുകള്‍ മാത്രമാണ് റീ സര്‍വേ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ബാക്കിയുള്ള വില്ലേജുകളിലെ റവന്യൂ രേഖകള്‍ ഒരു നൂറ്റാണ്ടിലേറെ പഴക്കം ചെന്നതും കാലഹരണപ്പെട്ടതുമാണ്. ഇവയൊക്കെ സര്‍വേ പ്രവര്‍ത്തനങ്ങളെ ഏറെ ബാധിച്ചുവെങ്കിലും നാലുമാസത്തിനകം തന്നെ അന്തിമ വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കുവാന്‍ കഴിഞ്ഞു. ആദ്യ ഘട്ട 3ജി വിചാരണ 2018 ഡിസംബര്‍, 2019 ജനുവരി മാസങ്ങളില്‍ പൂര്‍ത്തിയാക്കി ഫണ്ട് റിക്വസ്റ്റ്, ദേശീയപാത അതോറിറ്റിക്കു സമര്‍പ്പിക്കുകയും ആദ്യ വില്ലേജിലെ ഫണ്ട് 2019 ഓഗസ്റ്റ് മാസത്തില്‍ അനുവദിക്കുകയും ചെയ്‌തെങ്കിലും കോടതിയുടെ നിരോധന ഉത്തരവ് നില നിന്നിരുന്നതിനാല്‍ വിതരണം ചെയ്യുവാന്‍ കഴിഞ്ഞില്ല. കോടതി ഉത്തരവ് അനുകൂലമായത് 2020 മാര്‍ച്ച് മാസത്തിലാണ്. ലോക്ക്ഡൗണ്‍ ആരംഭിച്ചതിനാല്‍ ഫണ്ട് വിതരണം വീണ്ടും വൈകി. കാര്‍ഷിക വിളകളുടെ വില പുനര്‍ നിര്‍ണ്ണയിക്കണമെന്നും കെട്ടിടങ്ങള്‍ പുന:പരിശോധിക്കണമെന്നും ദേശീയപാത അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. ലോക്ക്ഡൗണ്‍ പിന്‍വലിച്ചതോടെ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു ഫീല്‍ഡ് ജോലികള്‍ നടന്നു വരികയാണ്. 3ജി(3) വിചാരണയും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടന്നുവരുന്നു.
- Log in to post comments