പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിന്റെ സ്വപ്ന സാക്ഷാത്ക്കാരം : മുഖ്യമന്ത്രി
ജില്ലയിലെ മികവിന്റെ കേന്ദ്രങ്ങളായ അഞ്ച് സ്‌കൂളുകളുടെ കെട്ടിട ഉദ്ഘാടനവും മൂന്ന് സ്‌കൂളുകളുടെ കെട്ടിട ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു
സംസ്ഥാന സര്‍ക്കാര്‍ പ്രാവര്‍ത്തികമാക്കിയ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതു മേഖലാ വിദ്യാലയങ്ങളിലുണ്ടായ വികസന പുരോഗതി വിവരണാതീതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ മികവിന്റെ കേന്ദ്രങ്ങളായി മാറിയ അഞ്ച് സ്‌കൂളുകളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനവും മൂന്ന് സ്‌കൂളുകളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വപ്നത്തില്‍ പോലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത്. അക്കാദമികവും ഭൗതികപരവുമായ വികസനത്തിലൂടെ സംസ്ഥാനത്തെ വിദ്യാലങ്ങള്‍ മികവിന്റെ കേന്ദ്രങ്ങളായി. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ന്ന പൊതുമേഖലാ വിദ്യാലയങ്ങളിലേക്ക് കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തിക്കൊണ്ടിരിക്കുന്നതും പഠന മികവ് ഉറപ്പാക്കാനാകുന്നതും ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി. നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയായി. ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി.എം. തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.
കിഫ്ബി ഫണ്ടില്‍ നിന്ന് അഞ്ചുകോടി രൂപ ചെലവില്‍ നിര്‍മിച്ച പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്, പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവില്‍ നിര്‍മിച്ച ചെറുവണ്ണൂര്‍ ജി.എം.എല്‍.പി.എസ്, കൊടശ്ശേരി ജി.എം.എല്‍.പി.എസ്, പുല്ലൂര്‍ ജി.യു.പി.എസ്, താഴെക്കോട് ജി.എം.എല്‍.പി.എസ് എന്നീ സ്‌കൂളുകളുടെ നിര്‍മാണം പൂര്‍ത്തിയായ കെട്ടിടങ്ങളാണ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്. കുക്കൂത്ത് ജി.എം.എല്‍.പി.എസ്, എടപ്പറ്റ ജി.എല്‍.പി.എസ്, അരീക്കോട് ജി.എച്ച്.എസ്.എസ് എന്നീ സ്‌കൂളുകള്‍ക്ക് നിര്‍മിക്കുന്ന കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മഞ്ചേരി പുല്ലൂര്‍ ജി.യു.പി സ്‌കൂള്‍
മികവിന്റെ കേന്ദ്രമായി മാറിയ മഞ്ചേരി പുല്ലൂര്‍ ഗവ. യു.പി. സ്‌കൂളിന് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമാണ് നിര്‍മിച്ചിട്ടുള്ളത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബിയില്‍ നിന്നനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കിയത്. രണ്ട് നിലകളിലുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള 10 ക്ലാസ് മുറികളാണുള്ളത്.
സ്‌കൂളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. മഞ്ചേരി നഗരസഭാധ്യക്ഷ വി.എം. സുബൈദ അധ്യക്ഷയായി. നഗരസഭാ ഉപാധ്യക്ഷന്‍ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷരായ വല്ലാഞ്ചിറ മുഹമ്മദലി, എ.എം. സജ്ന, പ്രതിപക്ഷ നേതാവ് അഡ്വ. കെ. ഫിറോസ്ബാബു, എ.ഇ.ഒ എസ്. സുനിത, പ്രഥമാധ്യാപകന്‍ കെ.കെ. പുരുഷോത്തമന്‍, എ.കെ. സൈനുല്‍ ആബിദീന്‍, കെ.പി. മുഹമ്മദ് യൂസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്, കൊടശ്ശേരി ജി.എം.എല്‍.പി,
പൂക്കുത്ത് ജിഎല്‍പി സ്‌കൂള്‍
പാണ്ടിക്കാട് ജി.എച്ച്.എസ്.എസ്, കൊടശ്ശേരി ജി.എം.എല്‍.പി, പൂക്കുത്ത് ജി.എല്‍.പി സ്‌കൂള്‍ എന്നിവയുടെ ശിലാഫലകം എം. ഉമ്മര്‍ എം.എല്‍.എ അനാച്ഛാദനം ചെയ്തു. മികവിന്റെ കേന്ദ്രമായി മാറിയ പാണ്ടിക്കാട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കിഫ്ബിയിലൂടെ അഞ്ച് കോടി രൂപ ചെലവഴിച്ചാണ് സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും, കിച്ചണ്‍ ബ്ലോക്കും അടക്കമുള്ള കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. പ്ലാന്‍ ഫണ്ടില്‍ ഒരു കോടി ചെലവഴിച്ചാണ് കൊടശ്ശേരി ജി.എം.എല്‍.പി സ്‌കൂളിനുള്ള പുതിയ കെട്ടിടം നിര്‍മിച്ചത്. പൂക്കുത്ത് ജി.എല്‍.പി സ്‌കൂളില്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ചാണ് പുതിയം കെട്ടിടം ഒരുങ്ങുന്നത്.
ചടങ്ങില്‍ പാണ്ടിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി അജിത, ജില്ലാ പഞ്ചായത്ത് അംഗം ആലിപ്പറ്റ ജമീല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി ബുഷ്റ, ജനപ്രതിനിധികള്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
താഴെക്കോട് ജി.എം.എല്‍.പി സ്‌കൂള്‍
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ ചെലവഴിച്ചാണ് താഴെക്കോട് ജി.എം.എല്‍.പി.സ്‌കൂളിന് പുതിയ കെട്ടിടം നിമിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി പണിത സ്‌കൂള്‍ കെട്ടിടത്തില്‍ ഏഴ് ക്ലാസ് മുറികളാണുള്ളത്. മുകളിലെ നിലയില്‍ നാല് ക്ലാസ് മുറികളും താഴത്തെ നിലയില്‍ മൂന്ന് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമാണുള്ളത്. സ്‌കൂളിലേക്ക് ആവശ്യമായ ഫര്‍ണിച്ചറുകള്‍ താഴെക്കോട് പഞ്ചായത്ത് നല്‍കിയിരുന്നു. കൂടാതെ സ്‌കൂളിലെ മറ്റു അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് പദ്ധതിയില്‍ നിന്നും 21 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സ്‌കൂളില്‍ നടന്ന ചടങ്ങിന്റെ ഉദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മഞ്ഞളാംകുഴി അലി എം.എല്‍.എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.നാസര്‍ മാസ്റ്റര്‍ അധ്യക്ഷനായി. സ്‌കൂള്‍ പ്രധാനധ്യാപിക എം.പി.ശ്രീദേവി, ബ്ലോക്ക് അംഗം കെ.കെ.ജാഫര്‍, ആരോഗ്യ വിദ്യാഭ്യാസ സ്തിരം സമിതിവ ചെയര്‍മാന്‍ കെ.കെ.ഹംസ മാസ്റ്റര്‍, ഗ്രാമപഞ്ചായത്ത് അംഗം ടി.ഷീല, പെരിന്തല്‍മണ്ണ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്രാജുദ്ധീന്‍, പെരിന്തല്‍മണ്ണ ബി.പി.സി. പി.എന്‍.ജയന്‍, പി.ടി.എ പ്രസിഡന്റ് എ. കെ.സലിം, കൂരി നാസര്‍, മുഹമ്മദ്, കെ.ടി.മോഹന്‍ദാസ്, സി.പി.അബ്ബാസ്, സി.പി.ജലീല്‍, നാലകത്ത് ഷുക്കൂര്‍, പി.ടി.അക്ബര്‍, കെ.ഹംസ മാസ്റ്റര്‍, വി.ശശി മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
എടപ്പറ്റ ജി.എല്‍.പി. സ്‌കൂള്‍
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി എടപ്പറ്റ ഗവ. എല്‍.പി. സ്‌കൂളിന് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടമൊരുങ്ങുന്നു. 85 ലക്ഷം രൂപ ചെലവില്‍ രണ്ട് നിലകളിലായി ഏഴ് ക്ലാസ് മുറികളോടെയുള്ള കെട്ടിടമാണ് നിര്‍മിക്കുന്നത്. കെട്ടിടത്തിന്റെ ശിലാസ്ഥാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ എം. ഉമ്മര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു.
എടപ്പറ്റ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആലീസ് മേരി അധ്യക്ഷയായി. കാളികാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം കാപ്പില്‍ ഷൗക്കത്തലി, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.പി. കൃഷ്ണപ്രഭ, ഗ്രാമപഞ്ചായത്ത് അംഗം പി.കെ. ഹരിദാസ്, മേലാറ്റൂര്‍ എ.ഇ.ഒ പ്രസാദ്, ബി.പി.ഒ ജയന്‍, പി.ടി.എ പ്രസിഡന്റ് പി.കെ. അബൂബക്കര്‍ സിദ്ദിഖ്, പ്രഥമാധ്യാപിക കെ. റംലത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
അരീക്കോട് ജി.എച്ച്.എസ്.എസ്
അരീക്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.കെ ബഷീര്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. പഞ്ചായത്ത് അംഗങ്ങള്‍, സ്‌കൂള്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ചെറുവന്നൂർ ജി എം എൽ പി സ്‌കൂള്‍
ചെറുവന്നൂർ ജി എം എൽ പി സ്കൂളിന് ഒരു കോടി രൂപ ചെലവഴിച്ചു നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്. സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി പി സുലൈഖ ശിലാഫലകം അനാഛാദനം ചെയ്തു. ബ്ലോക്ക് മെമ്പർ പി.സി അഷ്റഫ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments