Skip to main content

പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

മൂത്തേടം വരക്കോട് പ്രാദേശിക പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളിലെ വിദ്യാര്‍ഥികളുടെ പഠന പുരോഗതി ലക്ഷ്യംവച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. നിലമ്പൂര്‍ ബിആര്‍സി പരിധിയിലെ മൂത്തേടം ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നേതൃത്വത്തില്‍  വരക്കോട് പ്രദേശത്താണ് പ്രാദേശിക പ്രതിഭാ കേന്ദ്രം ആരംഭിച്ചത്. തിങ്കള്‍ മുതല്‍ വെള്ളി വരെ ദിവസങ്ങളില്‍ സ്‌കൂള്‍ സമയത്തിന് ശേഷം ഒന്നര മണിക്കൂര്‍ സമയം വളണ്ടിയര്‍മാര്‍ കുട്ടികളെ പഠന കാര്യങ്ങളില്‍ സഹായിക്കും.  മാസത്തില്‍ രണ്ട് ദിവസം വ്യക്തിത്വ വികസനം, തൊഴില്‍ പരിശീലനം, കലാകായിക പരിശീലനം തുടങ്ങിയ ക്ലാസുകളുണ്ടാകും.  പട്ടികജാതി, പട്ടികവര്‍ഗം, മൈനോറിറ്റി, ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ എന്നിവരെയാണ് പ്രാദേശിക പ്രതിഭാ കേന്ദ്രത്തിലെത്തിച്ചു പഠിപ്പിക്കുന്നത്. മൂത്തേടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സി.ടി രാധാമണി പ്രതിഭാ കേന്ദ്രം ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ഇ. സൈറാബാനു,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി റെജി, ബ്ലോക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍  എം. മനോജ് കുമാര്‍, കെ. അജീഷ്, പി.ബി ജോഷി, സി.കെ മോന്‍സി, ബിനു എബ്രഹാം എന്നിവര്‍ പങ്കെടുത്തു.

date