Skip to main content

പൊന്നാനിയില്‍ കമ്യൂനിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ ആരംഭിച്ചു

പൊന്നാനി നഗരസഭാ പരിധിയിലെ ഭിന്നശേഷി  കുട്ടികള്‍ക്കാവശ്യമായ എല്ലാ തെറാപ്പി സംവിധാനങ്ങളും ഒരുക്കി കമ്യൂനിറ്റി ഡിസബിലിറ്റി മാനേജ്‌മെന്റ് സെന്റര്‍ പൊന്നാനിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ശൈശവ കാലം മുതല്‍ ഇത്തരം കുട്ടികളെ കണ്ടെത്തി തെറാപ്പികളിലൂടെ മാറ്റിയെടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷം മുന്‍പ് നഗരസഭ അനുയാത്ര പദ്ധതി ആരംഭിച്ചിരുന്നു. ഇതിന്റെ വിപുലീകരണമായാണ്  കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ സി.ഡി.എം.ആര്‍.പിയുടെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇന്‍ഫര്‍മേഷന്‍ സെന്റര്‍ പൊന്നാനിയുടെയും സഹകരണത്തോടെ   സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഒരു  മള്‍ട്ടിഡിസിപ്ലിനറി റീഹാബിലിറ്റേഷന്‍ സെന്റര്‍ ആയിട്ടാണ്  പ്രവര്‍ത്തിക്കുക.ഫിസിയോതെറാപ്പി, സ്പീച്ച് തെറാപ്പി, സൈക്കോളജിക്കല്‍ കൗണ്‍സലിങ്, സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ എന്നീ സേവനങ്ങള്‍ ഇവിടെ ലഭ്യമാകും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സി.ഡി.എം.ആര്‍.പിയുടെ മേല്‍നോട്ടത്തിലായിരിക്കും  സെന്റര്‍ പ്രവര്‍ത്തിക്കുക.  വിദഗ്ദരായവരുടെ സഹായവും സെന്ററില്‍ ലഭ്യമാകും.  കുട്ടികള്‍ക്ക് സ്വന്തമായി ജീവിക്കാനും ചെറിയ തൊഴിലെടുക്കാനുള്ള പരിശീലിനവും സെന്റര്‍  വഴി നല്‍കും.

സെന്ററിന്റെ ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ മുഹമ്മദ് കുഞ്ഞി നിര്‍വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ അഷ്‌റഫ് പറമ്പില്‍ അധ്യക്ഷനായി. ചടങ്ങില്‍ കൗണ്‍സിലര്‍മാരായ എ.കെ. ജബ്ബാര്‍, ഇക്ബാല്‍ മഞ്ചേരി, നഗരസഭാ സെക്രട്ടറി ആര്‍. പ്രദീപ്, ഡോ.ഷാജ്കുമാര്‍, ഡോ. സന്ദീപ്, ഡോ. കെ.എസ്ഷമീര്‍, ജസീല, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ വിനീത , പി.ടി സജീര്‍ എന്നിവര്‍ സംസാരിച്ചു.
 

date