Skip to main content
കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ജില്ലയിലെ 29 സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വഹിക്കുന്നു

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്ന ജില്ലയിലെ 29 സ്‌കൂളുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

 

കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന ജില്ലയിലെ 29 സ്‌കൂളുകളുടെ തറക്കല്ലിടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. നാടിന്റെ ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ മേഖലയില്‍ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ക്ലാസ്സ് മുറികളില്‍ ഹൈടെക് സംവിധാനം ഒരുക്കി. ലാബുകള്‍ നവീകരിക്കുന്നതുള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ഇത്തരത്തില്‍ അധ്യയനം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന തരത്തിലുള്ള പദ്ധതികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കി വരുന്നത്. പൊതുവിദ്യാലയങ്ങളില്‍ നിന്നും അകന്നു പോയ വിദ്യാര്‍ത്ഥികളെ ഉള്‍പ്പടെ തിരിച്ച് കൊണ്ടുവരുന്നതിനും സാധിച്ചു. അഞ്ചുലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് പൊതുവിദ്യാലയങ്ങളിലേക്ക് എത്തിയത്. ലോകത്തിനു മുന്നില്‍ കേരള വിദ്യാഭ്യാസ മേഖല തലയുയര്‍ത്തി നില്‍ക്കാവുന്ന സാഹചര്യത്തിലാണ് നിലവില്‍ നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസരംഗത്ത് രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളം മാറി. നീതി ആയോഗ് നടത്തിയ പഠനത്തില്‍ കേരളം ഒന്നാമതെത്തിയത് അതിന്റെ ഫലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉദ്ഘാടനം നിര്‍വഹിച്ച സംസ്ഥാനത്തെ 46 വിദ്യാലയങ്ങളില്‍ കിഫ്ബിയുടെ അഞ്ച് കോടി ധനസഹായത്തോടെയുള്ള ആറ് വിദ്യാലയങ്ങളും മൂന്നു കോടി ധനസഹായത്തില്‍ ആറു വിദ്യാലയങ്ങളും നബാര്‍ഡ്, പ്ലാന്‍ ഫണ്ട്, സമഗ്രശിക്ഷാ കേരളം, ജനപ്രതിനിധികളുടെ വികസനഫണ്ട് എന്നിവയില്‍ ഉള്‍പ്പെടുത്തി 34 വിദ്യാലയങ്ങളുമാണ് ഉള്‍പ്പെടുന്നത്. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അധ്യക്ഷനായി.

കിഫ്ബിയില്‍ നിന്നും ജില്ലയിലെ 29 സ്‌കൂളുകള്‍ക്കാണ്  ഒരു കോടി രൂപ വീതം ആകെ 29 കോടി രൂപയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതിയായിരിക്കുന്നത്. 'കില'യാണ് നിര്‍വഹണ ഏജന്‍സി. നേരത്തെ ഭരണാനുമതി ലഭിച്ച 36 സ്‌കൂളുകളില്‍ 29 എണ്ണത്തിനാണ് ഇപ്പോള്‍ കിഫ്ബി അംഗീകാരത്തോടെ ടെന്‍ഡര്‍ ആയിരിക്കുന്നത്. നിലവില്‍ ജില്ലയില്‍ മികവിന്റെ കേന്ദ്രമായി  കിഫ്ബി 5 കോടി ഫണ്ടില്‍ നിര്‍മ്മിക്കുന്ന 12 സ്‌കൂളുകളും, 3 കോടി രൂപ ഫണ്ടില്‍ നിമ്മിക്കുന്ന 10 സ്‌കൂളുകളും പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെട്ട 26 സ്‌കൂളുകളും നിര്‍മ്മാണം നടക്കുന്നുണ്ട്. കൂടാതെ 3 കോടി ചെലവില്‍ 25 വിദ്യാലയങ്ങളുടെ വിശദമായ പദ്ധതി രേഖയും തയ്യാറാകുന്നുണ്ട്. ഇന്‍കെല്‍ ആണ് നിര്‍മ്മാണ ഏജന്‍സി.

ഓണ്‍ലൈനായി നടന്ന പരിപാടിയില്‍ ധനമന്ത്രി തോമസ് ഐസക്, ഭക്ഷ്യവകുപ്പ് മന്ത്രി പി. തിലോത്തമന്‍, കൃഷിവകുപ്പ് മന്ത്രി വി.എസ് സുനില്‍കുമാര്‍, മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പൊതുവിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

date