Skip to main content

ജൈവകൃഷിക്കാവശ്യമായ ബയോകണ്‍ട്രോള്‍ ലാബ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു

 

ജൈവകൃഷിക്കാവശ്യമായ ബയോകണ്‍ട്രോള്‍ ഉപാധികള്‍ ഉത്പാദിപ്പിക്കുന്നതിന് ആര്‍.കെ.വി.വൈ ധനസഹായത്തോടെ വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ കേരള അയിലൂരില്‍ നിര്‍മ്മിച്ച ബയോകണ്‍ട്രോള്‍ ലാബിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. സംസ്ഥാനത്ത് കാര്‍ഷികമേഖലയുടെ കുതിച്ചുചാട്ടത്തിന് വി.എഫ്.പി.സി.കെ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കര്‍ഷകര്‍ക്ക് കാലാനുസൃതമായ സാങ്കേതിക പരിജ്ഞാനം നല്‍കിക്കൊണ്ട് കാര്‍ഷികരംഗത്ത് ലാഭകരമായി നിലനില്‍ക്കാന്‍ വി.എഫ്.പി.സി.കെ കര്‍ഷകര്‍ക്ക് വഴിയൊരുക്കുന്നു. കൂടാതെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള ചുമതലയും നിലവില്‍ വി.എഫ്.പി.സി.കെയ്ക്കാണ് നല്‍കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കാര്‍ഷികോത്പന്നങ്ങള്‍ വിദേശരാജ്യങ്ങളില്‍ കൂടി സ്വീകരിക്കത്തക്കവിധത്തിലുള്ള പരിപാലനമാണ് നല്‍കുന്നത്. ഡിസംബര്‍, ജനുവരി മാസത്തോടെ ആദ്യ കണ്ടെയ്നര്‍ കയറ്റിയയക്കാനുള്ള പ്രക്രിയകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് തന്നെ ആദ്യമായി 16 പച്ചക്കറികള്‍ക്ക് തറവില നിശ്ചയിച്ച് പ്രാവര്‍ത്തികമാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ആണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വി.എഫ്.പി.സി.കെ 50 ലക്ഷം ചെലവിലാണ് കെട്ടിടവും ലാബ് ഉപകരണങ്ങളും സജ്ജമാക്കിയിട്ടുള്ളത്.

പരിപാടിയില്‍ കെ.ബാബു എംഎല്‍എ അധ്യക്ഷനായി. നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍, അയിലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.സുകുമാരന്‍, വി.എഫ്.പി.സി.കെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.എ.കെ.ഷെരീഫ്, പ്രൊജക്ട് ഡയറക്ടര്‍ ഷൈലപിള്ള,  ജില്ലാ മാനേജര്‍ പി.ഉമ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date