Skip to main content
ഒ.വി വിജയൻ സ്മാരകം എഴുത്തുകാരുടെ ഗ്രാമം നിർമ്മാണോദ്ഘാടനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർവഹിക്കുന്നു

ഒ. വി. വിജയൻ സ്മാരകം : എഴുത്തുകാരുടെ ഗ്രാമം നിർമ്മാണോദ്ഘാടനം ചെയ്തു

ഭാരതത്തിലെ ഒരെഴുത്തുകാരനും ലഭിക്കാത്ത  അംഗീകാരമാണ് ഒ.വി വിജയന്റെ പേരിലുള്ള എഴുത്തുകാരുടെ ഗ്രാമം എന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തസ്രാക്കിലെ ഒ.വി വിജയൻ സ്മാരകം എഴുത്തുകാരുടെ ഗ്രാമം നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒ.വി വിജയൻ സ്മാരകത്തെ ലോക നിലവാരത്തിലേക്ക് ഉയർത്താനും ഇതിലൂടെ ദേശീയ-അന്തർദേശീയ വിനോദസഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ അധ്യക്ഷനായി. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ അഞ്ച് കോടി രൂപ ചെലവിൽ  നിർമ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ എഴുത്തുകാരുടെ ഗ്രാമമാണിത്. എഴുത്തുകാരുടെ ഗ്രാമത്തിന്റെ നിർമ്മാണ ശിലാഫലകം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി അനാച്ഛാദനം ചെയ്തു. എഴുത്തുകാർക്കുള്ള വാസ സ്ഥലങ്ങളുടെ ശിലാസ്ഥാപനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ് അനാച്ഛാദനം ചെയ്തു. വിനോദ സഞ്ചാര  വകുപ്പ് ഡയറക്റ്റർ പി. ബാലകിരൺ ,  ജില്ലാ പഞ്ചായത്ത് അംഗം നിതിൻ കണിച്ചേരി,  ആഷാ മേനോൻ,  ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി. ഐ. സുബൈർ കുട്ടി,  ഒ. വി. വിജയൻ സ്മാരക സമിതി സെക്രട്ടറി ടി. ആർ. അജയൻ, ഡി.ടി.പി.സി സെക്രട്ടറി കെ. ജി. അജീഷ് എന്നിവർ സംസാരിച്ചു.
 

date