Skip to main content

പ്രളയ പ്രതിരോധ സംരക്ഷണഭിത്തി ഉദ്ഘാടനം ചെയ്തു

 

 

 

ബാലുശ്ശേരി ഗ്രാമപഞ്ചായത്തിലെ മഞ്ഞപ്പുഴ ചെമ്പോളിതാഴെ പുഴയോട് ചേർന്ന്  പുനരുദ്ധാരണം നടത്തിയ പ്രളയ പ്രതിരോധ സംരക്ഷണഭിത്തി  ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു.  

 മുൻപ് നിർമ്മിച്ച ബണ്ട് കഴിഞ്ഞ വർഷങ്ങളിലുണ്ടായ വെള്ളപ്പൊക്കത്തിൽ  തകർന്നിരുന്നു. അനന്തൻകണ്ടി തൂർത്ത വയൽ എന്ന പ്രദേശത്തേക്ക് മഞ്ഞപ്പുഴയിൽ നിന്നും മഴക്കാലത്ത് വെള്ളം കയറുന്നത് നിയന്ത്രിക്കുന്നതിനും കാർഷിക വിളകൾ നശിക്കുന്നത് തടയുന്നതിനുമായാണ് ബണ്ട് പുനർനിർമ്മിച്ചത്. 45 ലക്ഷം രൂപ ഉപയോഗപ്പെടുത്തി മഞ്ഞപ്പുഴയോട് ചേർന്ന് ചെമ്പോളിതാഴെ കാട്ടാംവള്ളി ഭാഗത്ത് 180 മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ് പ്രതിരോധ പുനരുദ്ധാരണ പ്രവർത്തി പൂർത്തിയാക്കിയിരിക്കുന്നത്. ബണ്ടിന്റെ പുഴയോട് ചേർന്ന ഭാഗത്ത് കരിങ്കൽ ഭിത്തിയും മറുവശത്ത് പ്രകൃതി സൗഹൃദ കയർ ഭൂവസ്ത്രവുമാണ് സ്ഥാപിച്ചിരിക്കുന്നത്.

 പുരുഷൻ കടലുണ്ടി എംഎൽഎ അധ്യക്ഷത വഹിക്കുകയും ശിലാഫലകം അനാഛാദനം ചെയ്യുകയും ചെയ്തു.  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബാബു പറശ്ശേരി, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രൂപ ലേഖ കൊമ്പിലാട്, പനങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എം കമലാക്ഷി, ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ശ്രീജ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

date