Skip to main content

വികസനക്കുതിപ്പില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്

വികസനത്തിന്റെ പുതിയ അധ്യായങ്ങള്‍ രചിച്ച് സംസ്ഥാന തലത്തില്‍ തന്നെ ഏറെ പ്രശംസ നേടിയ ബ്ലോക്ക് പഞ്ചായത്താണ് തൊടുപുഴ. പരിമിതമായ വികസന ഫണ്ട് പരമാവധി പ്രയോജനപ്പെടുത്തി വ്യത്യസ്ത പദ്ധതികള്‍ ആവിഷ്‌കരിക്കാനും നടപ്പാക്കാനും ഈ കാലയളവില്‍ ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്കായി. നിലവിലെ  ഭരണ സമിതിയുടെ നേതൃത്വത്തില്‍ വികസനത്തിന്റെ നവീനമായ നിരവധി പദ്ധതികളാണ് ബ്ലോക്ക് പരിധിയിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലായി യാതാര്‍ഥ്യമാക്കിയത്.

ജില്ലയില്‍ ശുചിത്വ പദവി നേടിയ ഏക ബ്ലോക്ക് പഞ്ചായത്തെന്ന നേട്ടത്തിനൊപ്പം പദ്ധതി നിര്‍വഹണത്തില്‍ തുടര്‍ച്ചയായ 100 ശതമാനം നേട്ടവും കൈവരിച്ചു. പാലിയേറ്റീവ് കെയര്‍പദ്ധതി , പ്രാദേശിക റോഡുകളുടെ പുനരുദ്ധാരണം, കാര്‍ഷിക, വ്യവസായ, തൊഴില്‍ രംഗത്തും വേറിട്ട സാന്നിധ്യം ഉറപ്പ് വരുത്തുവാന്‍ ഭരണസമിതിക്കായി. കൂടാതെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയ സി.എച്ച്.സിയും ഇവിടേക്കുള്ള ആംബുലന്‍സും ആധുനിക ലാബ് സൗകര്യവും, അംഗപരിമിതര്‍ക്ക് മുചക്ര വാഹനങ്ങളുടെ വിതരണം, വൈദ്യുതി ഉല്പാദന രംഗത്ത് സ്വയംപര്യാപ്തത, പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ, സ്‌കൂളുകളില്‍ ഷീടോയ്ലറ്റ്, ഫല വൃക്ഷതൈകള്‍ എന്നിവയും പഞ്ചായത്തിന്റെ നേട്ടങ്ങളായി.ഗ്രാമപഞ്ചായത്തുകള്‍ നടപ്പാക്കുന്ന വികസനപദ്ധതികള്‍ക്ക് സാമ്പത്തിക പങ്കാളിത്തം നല്‍കിയും പൂര്‍ത്തീകരണത്തിന് സഹായഹസ്തം ഉറപ്പിച്ചും തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വികസനത്തിനൊപ്പം നിന്നു.

'വേസ്റ്റ് വെറുതെ വേസ്റ്റ് ആക്കല്ലേ' എന്ന പദ്ധതിയിലൂടെ വെറുതെ എന്ന് നാം വിചാരിച്ച് വലിച്ചെറിയുന്ന ഓരോ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളിലും മനുഷ്യരുടെ ദൈനംദിന ജീവിതത്തിലുള്ള പങ്ക് എന്താണെന്ന പുതിയ ചിന്ത അവതരിപ്പിക്കാന്‍ ബ്ലോക്ക് ഭരണസമിതിക്കായി. ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ഹരിതകര്‍മസേന അംഗങ്ങളുടെ സേവനം ഉറപ്പ് വരുത്തി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ നിന്ന് അജൈവ, പാഴ് വസ്തുക്കള്‍ ശേഖരിച്ചു. തുടര്‍ന്ന് ഇവ തരം തിരിച്ച് നെടിയശാലയിലെ ആര്‍.സി.എഫ്. വഴി പുനചംക്രമണത്തിന് വിധേയമാക്കും.ബ്ലോക്കിന്റെ സ്വന്തമായ ബെയ്‌ലിങ്, ഷ്രെഡിങ് യൂണിറ്റുകള്‍ ഉപയോഗപ്പെടുത്തി ഈ മാലിന്യങ്ങള്‍ ബെയ്ല്‍ ചെയ്ത് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നു. അല്ലാത്തവ ഷ്രെഡിങ് യൂണിറ്റില്‍ പൊടിച്ച് റോഡ് ടാറിങ്ങിന് ഉപയോഗപ്പെടുത്തുന്ന നൂതന ആശയവും സമൂഹത്തിന് പരിചയപ്പെടുത്തി. ഇതിനോടകം 15000 കിലോഗ്രാം പ്ലാസ്റ്റിക് പൊടിച്ച് 15 കിലോമീറ്റര്‍ റോഡ് ടാറിങ് പ്രവര്‍ത്തങ്ങള്‍ക്ക് ഉപയോഗിച്ചു. കൂടാതെ 15000 കിലോഗ്രാം പ്ലാസ്റ്റിക് ശേഖരിക്കാനുമായി. കൂടാതെ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും ഈ വര്‍ഷം തുടക്കം കുറിക്കുന്നതിനായി.

അവാര്‍ഡുകളും അംഗീകാരങ്ങളും

'ഐ.എസ്.ഒ അംഗീകാരത്തിനൊപ്പം നിരവധി സര്‍ക്കാര്‍ അവര്‍ഡുകളാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രവര്‍ത്തനക്ഷമതയ്ക്ക് അംഗീകാരമായി അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് തൊടുപുഴയിലെ ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനത്തേക്കെത്തിയത്. 60 വര്‍ഷം പിന്നിട്ട ഓഫിസ് കെട്ടിടം നവീകരിച്ച് അത്യാധുനിക ഓഫീസ് സമുച്ചയം പടുത്തുയര്‍ത്തി സമ്പൂര്‍ണ ഗുണമേ• നടപ്പാക്കിയതതോടെയാണ് ഐ.എസ്.ഒ. അംഗീകാരത്തിന് ബ്ലോക്ക് പഞ്ചായത്ത് അര്‍ഹമായത്. പഞ്ചായത്ത് ഓഫീസില്‍ എത്തുന്ന ഉപഭോക്താക്കള്‍ക്ക് കാലത്തമാസം കൂടാതെ സേവനം ഉറപ്പ് വരുത്തിയും, ഫയലുകളും, രജിസ്റ്ററും ഒരു കുടക്കീഴിലാക്കി ഇടപാടുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് പൂര്‍ണമായി സജ്ജീകരിച്ചു. സേവനങ്ങള്‍ക്ക് ഓഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഇരിപ്പിടവും കുടിവെള്ളവും ഉറപ്പുവരുത്തി. അത്യാധുനിക സംവിധാനങ്ങളുടെ പ്രവര്‍ത്തനക്ഷമത നൂറു ശതമാനത്തിലേക്ക് എത്തിയതോടെയാണ് അന്താരാഷ്ട്ര ഗുണമേ• അംഗീകാരമായ ഐ.എസ്.ഒ.യ്ക്ക് ബ്ലോക്ക് പഞ്ചായത്ത് പര്യാപ്തമായത്. പദ്ധതി നിര്‍വഹണം 100 ശതമാനം എത്തിയതിനും നൂതന പദ്ധതികള്‍ നടപ്പിലാക്കിയതിനും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡിനും, മുഖ്യമന്ത്രിയുടെ ഹരിത അവാര്‍ഡിനും ബ്ലോക്ക് പഞ്ചായത്ത് അര്‍ഹരായി. കൂടാതെ സംസ്ഥാനത്തെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റനുള്ള 2020ലെ പ്രതിഭാ പുരസ്‌കാരത്തിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് അര്‍ഹനായി.

വിനോദ സഞ്ചാര പദ്ധതിയും യാഥാര്‍ത്ഥ്യമാക്കി

മണക്കാട് പഞ്ചായത്തിലെ മുണ്ടന്‍മലയുടെ ടൂറിസം സാധ്യതകള്‍ക്ക് പുതിയ ചിറകുകള്‍ ഒരുക്കിയിരിക്കുകയാണ് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത്. പ്രഭാതമുണരുന്നതിന്റെ മനോഹര കാഴ്ചയ്ക്ക് മുണ്ടന്‍മല ആതിഥേയമരുളാന്‍ തുടങ്ങിയതോടെ പ്രഭാത സൂര്യന്റെ വരവ് കാണാന്‍ കൂടുതല്‍ ആളുകള്‍ ഒഴുകിയെത്തി. മുണ്ടന്‍മല എന്ന സ്ഥലത്തിന്റെ ടൂറിസം സാധ്യതകളെ നേരത്തെ തന്നെ കണ്ടെത്തിയെങ്കിലും ഇവിടേക്കെത്തുന്ന സഞ്ചാരികള്‍ക്ക് പരിമിത സൗകര്യ മാത്രമേയുള്ളൂ എന്ന പ്രതിസന്ധിയുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് ബ്ലോക്ക് പഞ്ചായത്ത് മുന്‍കൈയെടുത്ത് പതിനാല് ലക്ഷം രൂപ മുതല്‍മുടക്കില്‍ പവലിയന്‍ പണികഴിപ്പിച്ചു. അതോടൊപ്പം ആകാശദൃശ്യങ്ങള്‍ കൂടുതല്‍ വ്യക്തമാകാന്‍ ബൈനോക്കുലര്‍ സംവിധാനവും പവലിയനില്‍ ഉള്‍പ്പെടുത്തി. ഇതോടെ നൂറു കണക്കിന് സഞ്ചാര പ്രേമികളുടെ ഒഴുക്കിന് മണക്കാട് പഞ്ചായത്തിലെ മുണ്ടന്‍മല വേദിയാകുകയാണ്. അതോടൊപ്പം അനന്തമായ ടൂറിസത്തിന്റെ പുതിയ സാധ്യതകള്‍ കൂടെ തെളിയുന്നു.
വികസന നേട്ടങ്ങളും അംഗീകാരങ്ങളും അഴിമതി രഹിതവും ജനകീയവുമായ ഭരണസമിതിക്ക് ജനഹൃദയങ്ങളിലും വലിയ സ്വീകാര്യത നേടുവാന്‍ സാധിച്ചതായും സുതാര്യമായ ഭരണത്തിലൂടെ അനുകരണീയമായ മാതൃക പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍കഴിഞ്ഞുവെന്നും ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് സിനോജ് എരിച്ചിരിക്കാട്ട് പറഞ്ഞു.

date