Skip to main content

ജില്ലയിൽ നടപ്പാക്കുന്നത് 500 കോടിയുടെ ടൂറിസം വികസനം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം ജില്ലയിലെ ടൂറിസം മേഖലയിൽ 500 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ടൂറിസം കേന്ദ്രങ്ങളിൽ മിയാവാക്കി മാതൃകയിൽ വനവൽക്കരണം നടത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. 

 മിയാവാക്കി കാടുകൾ നട്ടുപിടിപ്പിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലകൾ കൂടുതൽ ആകർഷകമാകും. പ്രകൃതി സംരക്ഷണത്തിന് ഇവ ഏറെ പ്രയോജനം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് സ്വാഗതം പറഞ്ഞു. 

സ്വാഭാവിക വനങ്ങൾക്ക് സമാനമായ സൂക്ഷ്മവനങ്ങൾ നഗര പ്രദേശങ്ങളിൽ കുറഞ്ഞ കാലം കൊണ്ട് നിർമിക്കാനുള്ള പദ്ധതിയാണ് മിയാവാക്കി മാതൃകാ വനവൽക്കരണ പരിപാടി. 25-30 വർഷങ്ങൾ കൊണ്ട് സ്വാഭാവിക വനത്തിനു ഉണ്ടാകുന്ന വളർച്ച, മിയാവാക്കി വനത്തിന് കേവലം 5-10 വർഷം കൊണ്ടുണ്ടാകും. വളരെ കുറഞ്ഞ സ്ഥലം മാത്രം മതി ഇത്തരം കാടുകൾക്ക്. സംസ്ഥാനത്തെ 12 ജില്ലകളിലായി 22 മിയാവാക്കി വനങ്ങൾ തീർക്കാനാണ് ടൂറിസം വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്. 5.8 കോടി രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ട്. ഇതിലൂടെ ഏകദേശം രണ്ട് ഏക്കർ സ്ഥലത്തായി മുപ്പതിനായിരത്തിലധികം മരങ്ങൾ വെച്ചു പിടിപ്പിക്കും. ഒപ്പം സഞ്ചാരികളെ ആകർഷിക്കുന്നതിനായി ഔഷധ ചെടികളും, ഫലവൃക്ഷങ്ങളും, അപൂർവ സസ്യങ്ങളും നട്ടുപിടിപ്പിക്കും. 

ശംഖുമുഖത്ത് നടന്ന പരിപാടിയിൽ കേരള ടൂറിസം ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് സി.എം.ഡി കെ.ജി. മോഹൻലാൽ, നാച്യുറസ് ഗ്രീൻ ഗാർഡിയൻസ് ഫൗണ്ടേഷൻ ചെയർമാൻ വി.കെ. ദാമോദരൻ എന്നിവർ ചടങ്ങിൽ ആശംസകളർപ്പിച്ചു സംസാരിച്ചു. ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ കൃതജ്ഞത രേഖപ്പെടുത്തി.

Reply all

Reply to author

Forward

date