Skip to main content

തീരദേശ റോഡുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം 8ന് (8/11/2020)

 

ആലപ്പുഴ : തീരദേശത്തെ സാമൂഹിക പശ്ചാത്തല വികസനം ലക്ഷ്യമിട്ട് സർക്കാർ ആവിഷ്കരിച്ച തീരദേശ റോഡുകളുടെ നിർമ്മാണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തീരദേശ റോഡുകളുടെ രണ്ടാം ഘട്ട ഉദ്ഘാടനം നവംബര്‍ 8ന് (8/11/2020) രാവിലെ 10 മണിക്ക് ഫിഷറീസ്, ഹാർബർ എഞ്ചിനിയറിങ്ങ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്‌സികുട്ടിയമ്മ ഓൺലൈനായി നിർവഹിക്കും.

ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി 4642.20 ലക്ഷം രൂപ വകയിരുത്തി ഹാർബർ എൻജിനീയറിംഗ് വകുപ്പ് നിർമ്മിക്കുന്ന  97 റോഡുകളാണ് രണ്ടാം ഘട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നത്. 

അരൂർ മണ്ഡലത്തിൽ 81.80ലക്ഷം വിനിയോഗിച്ച് നിർമ്മിക്കുന്ന  4 റോഡുകളും, ചേർത്തല മണ്ഡലത്തിൽ 385.10 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച മൂന്നു റോഡുകളും അഞ്ചു  റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവും  ആലപ്പുഴ മണ്ഡലത്തിൽ 1460.80 ലക്ഷം രൂപ വകയിരുത്തി നിർമ്മാണം പൂർത്തിയാക്കിയ രണ്ടു റോഡുകളും 35 റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവും അമ്പലപ്പുഴ മണ്ഡലത്തിൽ 98.50 ലക്ഷം രൂപ വകയിരുത്തി നിര്‍മിക്കുന്ന  2 റോഡുകളും, കുട്ടനാട് മണ്ഡലത്തിൽ 505 ലക്ഷം രൂപ വകയിരുത്തി നിർമാണം പൂര്‍ത്തീകരിച്ച ഒരു റോഡും 9 റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവും ഹരിപ്പാട് മണ്ഡലത്തിൽ 1138.10 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ 2  റോഡുകളും  18 റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവും  കായംകുളം മണ്ഡലത്തിൽ 167.90 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിക്കുന്ന 3 റോഡുകളും  മാവേലിക്കര മണ്ഡലത്തില്‍  76 ലക്ഷം രൂപ വകയിരുത്തി നിർമിക്കുന്ന   ഒരു റോഡും, ചെങ്ങന്നൂർ മണ്ഡലത്തിൽ 729 ലക്ഷം രൂപ വകയിരുത്തി നിർമാണം പൂർത്തിയാക്കിയ 4 റോഡുകളും എട്ടു റോഡുകളുടെ നിര്‍മാണ ഉദ്ഘാടനവുമാണ്  നടക്കുന്നത്.  ചടങ്ങിൽ അതാത് മണ്ഡലങ്ങളിലെ എം. എൽ. എ മാർ അധ്യക്ഷത വഹിക്കും. എം. പി മാർ മുഖ്യാതിഥികളാകും. 
 

date