Skip to main content

പൊതുകെട്ടിടങ്ങളില്‍ സൗര വൈദ്യൂതീകരണം പൂര്‍ത്തിയാക്കിയ ആര്യാട് പഞ്ചായത്തിന്റെ  പ്രഖ്യാപനം 7ന് 

ആലപ്പുഴ: പൊതു കെട്ടിടങ്ങളില്‍ സൗര വൈദ്യൂതീകരണം പൂര്‍ത്തിയാക്കിയ ജില്ലയില ആര്യാട് പഞ്ചായത്തിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍  നവംബർ 7 വൈകുന്നേരം 3 മണിക്ക് നിര്‍വഹിക്കും. കാർബൺ രഹിത കേരളം പദ്ധതിയുടെ ഭാഗമായി  ഇലക്ട്രിക്  കാറുകൾ കൈമാറുന്ന  തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പരിപാടിക്കൊപ്പമാണ് ഇതും നിര്‍വഹിക്കുന്നത്.  മുഖ്യമന്ത്രി ഓൺലൈനായാണ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുക.  ആര്യാട് പഞ്ചായത്ത്  കൂടാതെ   പൊതു കെട്ടിടങ്ങളിൽ സൗരവൈദ്യുതീകരണം പൂർത്തിയാക്കിയ കണ്ണൂർ ജില്ലയിലെ പിണറായി, ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം കാസർഗോഡ് ജില്ലയിലെ പീലിക്കോട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ  പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും . വൈദ്യുത മന്ത്രി എംഎം മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ സെൻട്രൽ സ്റ്റേഡിയത്തിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും. ആദ്യഘട്ടത്തിൽ അനെർട്ട് വിവിധ ഗവൺമെൻറ് സ്ഥാപനങ്ങൾക്ക് വാടകയ്ക്ക് നൽകുന്ന 50 വാഹനങ്ങളുടെ ഫ്ലാഗ് ഓഫ് ചടങ്ങാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്നത്. വൈദ്യുത ചാർജിങ് സ്റ്റേഷനുകളുടെ സംസ്ഥാന തല പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിക്കും. തിരുവനന്തപുരത്തെ അനെർട്ട് ഹെഡ്ക്വാട്ടേഴ്സിൽ സ്ഥാപിച്ചിരിക്കുന്ന കേരളത്തിലെ ആദ്യ സോളാർ വൈദ്യുത ചാർജിങ് സ്റ്റേഷനിൽ വൈദ്യുത വാഹനത്തിൻ്റെ ചാർജിങ്  മന്ത്രി നിർവഹിക്കും. ഇനി മുതൽ ഗവൺമെൻറ് സ്ഥാപനങ്ങളിൽ ഡീസൽ കാറുകൾക്ക് പകരം ഇലക്ട്രിക് ഉപയോഗിക്കണമെന്ന് ഉത്തരവ് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ഊർജവകുപ്പ് സെക്രട്ടറി ദിനേശ് അറോറ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ അനെർട്ട് ഡയറക്ടർ അമിത് മീണ നന്ദി അറിയിക്കും.  തൈക്കാട് ഗവ. ഗസ്റ്റ്ഹൗസിൽ അനെർട്ട് സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷൻ്റെ  ഉദ്ഘാടനം വി എസ് ശിവകുമാർ എം എൽ എ യും ശംഖുമുഖത്തെ ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം തിരുവനന്തപുരം മേയർ കെ ശ്രീകുമാറും നിർവഹിക്കും. എറണാകുളം മറൈൻ ഡ്രൈവിൽ സ്ഥാപിച്ചിരിക്കുന്ന ചാർജിങ് സ്റ്റേഷൻ്റെ ഉദ്ഘാടനം കൊച്ചി മേയർ സൗമിനി ജയിൻ ഉദ്ഘാടനം ചെയ്യും.

date