യാത്രാ പ്രതിസന്ധിയ്ക്ക് പരിഹാരമായി കെ.എസ്.ആര്.ടി.സി പി.എസ്.സി പരീക്ഷാര്‍ഥികള്‍ക്കായി ജില്ലയില്‍ അധികമേര്പ്പെടുത്തിയത് എട്ട് സര്‍വീസുകള്‍
കോവിഡ് ആശങ്ക നിലനില്‍ക്കെ ജില്ലയില്‍ നടന്ന യു.പി.എസ്.എ പരീക്ഷയ്ക്കെത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് യാത്രാ സൗകര്യമൊരുക്കി കെ.എസ്.ആര്.ടി.സി. ജില്ലയില്‍ ഉദ്യോഗാര്‍ഥികളുടെ ബാഹുല്യം കണക്കിലെടുത്ത് എട്ട് സര്‍വീസുകളാണ് കെ.എസ്.ആര്.ടി.സി അധികമായി നടത്തിയത്. മലപ്പുറം, നിലമ്പൂര്‍, പെരിന്തല്‍മണ്ണ, പൊന്നാനി ഡിപ്പോകള്‍ കേന്ദ്രീകരിച്ച് നടത്തുന്ന സ്ഥിരം സര്‍വീസുകള്‍ക്ക് പുറമേയാണിത്. ഈ നാല് ഡിപ്പോകളില്‍ നിന്നായി 83 സര്‍വീസുകളാണ് നിലവില്‍ നടത്തി വരുന്നത്. യാത്രക്കാരുടെ സൗകര്യത്തിനായി പ്രത്യേക ഹെല്‍പ്പ് ഡെസ്കുകളും ഡിപ്പോ അടിസ്ഥാനത്തില്‍ ബസ് സ്റ്റാന്‍ഡുകളില്‍ പ്രവര്‍ത്തിച്ചു. ഇവിടെ നിന്ന് ഓരോ മേഖലയിലേയ്ക്കുള്ള ബസ് സര്‍വീസുകളുടെ വിവരങ്ങള്‍ യാത്രക്കാര്‍ക്ക് യഥാസമയം നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
വിവിധ ജില്ലകളില്‍ നിന്നെത്തുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് കൃത്യസമയത്ത് പരീക്ഷാ കേന്ദ്രങ്ങളിലെത്താന്‍ കോവിഡ് പശ്ചാത്തലത്തില്‍ യാത്രാ സൗകര്യങ്ങള്‍ വെല്ലുവിളിയാകുമെന്ന തിരിച്ചറിവില്‍ മുന്‍കൂട്ടിയുള്ള സംവിധാനങ്ങളാണ് ജില്ലയില്‍ കെ.എസ്.ആര്.ടി.സി ഒരുക്കിയത്. മലപ്പുറം ഡിപ്പോ കേന്ദ്രീകരിച്ച് 23 സ്ഥിരം സര്‍വീസുകള്‍ക്ക് പുറമേ തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് ബസുകള്‍ അധിക സര്‍വീസുകള്‍ നടത്തി. നിലമ്പൂരില്‍ നിലവിലുള്ള 26 സര്‍വീസുകള്‍ക്കു പുറമേ മലപ്പുറം വഴിക്കടവ് റൂട്ടില്‍ മൂന്നും കോഴിക്കോട് വഴിക്കടവ് റൂട്ടില്‍ ഒരു അധിക സര്‍വീസുകളുമാണ് ഏര്‍പ്പെടുത്തിയിരുന്നത്. പൊന്നായിയില്‍ നിന്ന് മഞ്ചേരിയിരിലേക്ക് ഒരു അധിക സര്‍വീസും ഏര്‍പ്പെടുത്തി. നിലവില്‍ പൊന്നാനി ഡിപ്പോ കേന്ദ്രീകരിച്ചുള്ള 15 സര്‍വീസുകള്‍ക്ക് പുറമേയായിരുന്നു ഇത്.
വിവിധ ജില്ലകളില്‍ നിന്നെത്തുന്ന അധിക സര്‍വീസുകള്‍ ക്രമീകരിക്കാനും ജില്ലയില്‍ പ്രത്യേക സംവിധാനങ്ങള്‍ സജ്ജമാക്കിയിരുന്നു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉദ്യോഗാര്‍ഥികള്‍ക്ക് പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സംവിധാനങ്ങളും ബസ് സ്റ്റേഷനുകളില്‍ ഒരുക്കി കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മാതൃകയായി.
- Log in to post comments