Skip to main content

തെരഞ്ഞെടുപ്പ് വേളയിൽ കോവിഡ് രോഗ വ്യാപനം കൂടാതിരിക്കാൻ ജാഗ്രത ശക്തമാക്കും

 

 

 

ജില്ലയിൽ പുതുതായി കോവിഡ് രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് വേളയിൽ രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനുള്ള സാധ്യത മുന്നിൽകണ്ട് ജാഗ്രത തുടരാൻ ജില്ലാതല യോഗം തീരുമാനിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം.

ജില്ലാ കലക്ടർ എസ് സാംബശിവറാവു കോവിഡ് സംബന്ധിയായ സ്ഥിതിവിവരങ്ങൾ യോഗത്തിൽ റിപ്പോർട്ട് ചെയ്തു. ശക്തമായ പ്രതിരോധ നടപടികളിലൂടെ രോഗവ്യാപനം അതി തീവ്രമാകാതെ തടഞ്ഞുനിർത്താൻ ജില്ലയിൽ സാധിച്ചതായി യോഗം വിലയിരുത്തി. 18.21 വരെ എത്തിയിരുന്ന പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. ഒക്ടോബർ ആദ്യവാരം 14.42 ശതമാനമായിരുന്ന പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് നവംബർ ആദ്യവാരമാവുമ്പോഴേക്ക് 11.24 ശതമാനമായി കുറവ് വന്നിട്ടുണ്ട്. 

രോഗപ്രതിരോധ നടപടികളുടെ ഭാഗമായി നടത്തുന്ന കോവിഡ് ടെസ്റ്റ് ആറ് ലക്ഷം കടന്നു. സംസ്ഥാനതലത്തിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് നടത്തുന്ന ജില്ലയാണ് കോഴിക്കോട്. പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിൽ ഉയർന്ന ടാർജറ്റാണ് ജില്ലയിൽ നിശ്ചയിച്ചിട്ടുള്ളത്. ജനസംഖ്യാനുപാതികമായി പ്രതിദിനം 6500 ടെസ്റ്റുകൾ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമെങ്കിലും 10000 ടെസ്റ്റു വരെ ജില്ലയിൽ നടത്തുന്നുണ്ട്. ടെസ്റ്റുകളുടെ എണ്ണം വർദ്ധിപ്പിച്ച് രോഗികളെ കണ്ടെത്തി ക്വാറന്റൈൻ ചെയ്യുകയും  ചികിത്സ നൽകുകയും ചെയ്യുന്ന രീതി (ടി.ടി.ക്യു.ടി സംവിധാനം)ജില്ലയിൽ ഏറെ ഗുണം ചെയ്തിട്ടുണ്ട്.  കോവിഡ് പ്രാട്ടോകോൾ കണിശമായി പാലിക്കുന്നത് ഉറപ്പുവരുത്താൻ സെക്ടറൽ മജിസ്‌ട്രേറ്റ്മാരെ നിയോഗിച്ചതും പ്രയോജനകരമായി. സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ നിരീക്ഷണ ഫലമായി കോവിഡ്‌പ്രോട്ടോകോൾ ലംഘനങ്ങൾ തടയാനും വ്യക്തികളും സ്ഥാപനങ്ങളും മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ പാലിക്കുന്നത് ഉറപ്പാക്കാനും സാധിച്ചു. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ചിട്ടുള്ളതും കോഴിക്കോട് ജില്ലയിലാണ്. പ്രോട്ടോകോൾ ലംഘനത്തിന് 24962 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 
ഡെപ്യുട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ,സി. ബിജു, അഡീഷണൽ ഡിഎംഒ ഡോ. രാജേന്ദ്രൻ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.നവീൻ, വടകര ആർഡിഒ അബ്ദുറഹിമാൻ, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ.വി ആർ രാജേന്ദ്രൻ, കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.

date