കാറ്റ്; നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി
=====
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ ഞായറാഴ്ച്ച ശക്തമായ കാറ്റിനെത്തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി.
വീടുകള്‍, കെട്ടിടങ്ങള്‍, കൃഷി, വാഹനങ്ങള്‍, വൈദ്യുതി വിതരണ സംവിധാനം എന്നിവയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ വിവരശേഖരണം ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് അയ്മനത്തും കുമരകത്തും സന്ദര്‍ശനം നടത്തിയ ജില്ലാ കളക്ടര്‍ എം. അഞ്ജന പറഞ്ഞു. ശക്തമായ കാറ്റ് പ്രകൃതി ദുരന്തങ്ങളുടെ പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കൃഷിനാശം കൂടുതല്‍ സംഭവിച്ചത് അയ്മനം ഗ്രാമപഞ്ചായത്തിലാണ്. വീടുകള്‍ക്കും മറ്റുമുണ്ടായ കേടുപാടുകളുടെ കണക്കെടുക്കുന്നതിന് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലെ എന്‍ജിനീയറിംഗ് വിഭാഗത്തെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കുമരകം പഞ്ചായത്തിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ ക്വാറന്റയിനിലായതിനാല്‍ പകരം ആളെ നിയോഗിച്ച് കണക്കെടുപ്പ് നടത്താന്‍ തദ്ദേശസ്വയംഭരണ വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പഞ്ചായത്തുകളിലെ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍മാരാണ് കൃഷിനാശം സംബന്ധിച്ച വിശാദംശങ്ങള്‍ ശേഖരിക്കുന്നത്. വൈദ്യുതി ബോര്‍ഡിന്റെ പോസ്റ്റുകള്‍ക്കും ലൈനുകള്‍ക്കും വന്‍ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
- Log in to post comments