ജാലകങ്ങള്‍ക്കപ്പുറം ' ട്വിന്നിംഗ് പ്രോഗ്രാമിന് തുടക്കമായി
സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ 'ജാലകങ്ങള്‍ക്കപ്പുറം' ട്വിന്നിംഗ് പ്രോഗ്രാമിന് തുടക്കമായി. ഭിന്ന ശേഷിക്കാരായ കുട്ടികളില്‍ കോവിഡ് ഉണ്ടാക്കിയിട്ടുള്ള ഒറ്റപ്പെടല്‍ മറികടക്കുന്നതിനായി അസുത്രണം ചെയ്തിട്ടുള്ള പദ്ധതിയാണിത്. രണ്ട് ബി.ആര്‍.സി. പരിധിയിലെ ഭിന്നശേഷിക്കുട്ടികളും സമപ്രായ മറ്റു കുട്ടികളും കുട്ടികളുടെ കുടുംബാംഗങ്ങളും അടങ്ങുന്ന ചെറു ഗ്രൂപ്പുകള്‍ ഓണ്‍ ലൈനായി പരസ്പരം ആശയവിനിമയം നടത്തിയും കലാപരിപാടികള്‍ അവതരിപ്പിച്ചും, പ്രാദേശിക പ്രത്യേകതകള്‍ പരിചയപ്പെടുത്തിയും മുന്നോട്ട് പോകുന്ന പദ്ധതിയാണിത്. പ്രതിസന്ധി ഘട്ടത്തില്‍ പരസ്പരം താങ്ങും തണലുമായി നില്ക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായി ആഴ്ചയിലൊന്ന് വീതം കൂടിച്ചേരലുകള്‍ക്ക് ഈ പദ്ധതിയിലൂടെ അവസരം ലഭിക്കുന്നു. പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ ബി.ആര്‍.സി.യും ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല ബി.ആര്‍.സി.യും ചേര്‍ന്നുള്ള 'ജാലകങ്ങള്‍ക്കപ്പുറം ,,, ട്വിന്നിംഗ് പ്രോഗ്രാം ഗാന രചയിതാവ് രാജീവ് ആലുങ്കല്‍ ഉദ്ഘാടനം ചെയതു. സമഗ്ര ശിക്ഷ ബ്ലോക്ക് പ്രോജക്ട് കോ.ഓഡിനേറ്റര്‍മാരായ ജോസി ജോസ്, ഷാജി മഞ്ജരി ,ട്രെയിനര്‍മാര്‍, സ്‌പെഷ്യല്‍ എഡ്യൂക്കേറ്റഴ്‌സ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
- Log in to post comments