Skip to main content

തദ്ദേശ തെരഞ്ഞെടുപ്പ് : ജില്ലയില്‍ ഇതുവരെ  ലഭിച്ചത് 4323 പത്രികകള്‍ 

 

 

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 4323 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 73  പത്രികകളാണ് ലഭിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 151 നാമനിര്‍ദ്ദേശ പത്രികകളും ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 319 പത്രികകളുമാണ് ലഭിച്ചത്. ഏഴ് മുന്‍സിപ്പാലിറ്റികളിലേക്ക് 544 പത്രികകളും ഗ്രാമപഞ്ചായത്തുകളിലേക്ക് 3236 പത്രികളും ചൊവ്വാഴ്ച വരെ ലഭിച്ചു. 

 

ഈ മാസം 19 വരെയാണ് നാമനിര്‍ദേശ പത്രികകള്‍ സ്വീകരിക്കുക.  20ന് സൂക്ഷ്മ പരിശോധന നടക്കും.

 

 

തദ്ദേശ തെരഞ്ഞെടുപ്പ്: കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍

 

കോവിഡ് 19 വ്യാപനം തുടരുന്ന പശ്ചാത്തലത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ എല്ലാവിധ കോവിഡ് മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ജില്ലാ കലക്ടറും തെരെഞ്ഞെടുപ്പ് വരണാധികാരിയുമായ സാംബശിവ റാവു അറിയിച്ചു.

 

സ്ഥാനാര്‍ത്ഥികളുടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഭവന സന്ദര്‍ശനത്തിന് ഒരു സമയം സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരമാവധി അഞ്ചുപേരാണ് അനുവദനീയമായത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരിക്കണം സ്ഥാനാര്‍ത്ഥികളും മറ്റും ഭവനസന്ദര്‍ശനം നടത്തണ്ടത്. റോഡ് ഷോ, വാഹന റാലി എന്നിവയ്ക്ക് പരമാവധി മൂന്ന് വാഹനങ്ങള്‍ അനുവദിക്കും. ജാഥ, ആള്‍ക്കൂട്ടം, കൊട്ടിക്കലാശം, എന്നിവ കോവിഡ് പശ്ചാത്തലത്തില്‍ ഒഴിവാക്കണം. പൊതുയോഗങ്ങള്‍, കുടുംബയോഗങ്ങള്‍ എന്നിവ നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ നടത്താന്‍ പാടുള്ളു. പൊതുയോഗങ്ങള്‍ നടത്തുന്നതിന് പോലീസിന്റെ മുന്‍കൂര്‍ അനുമതി വാങ്ങണം. 

 

തെരഞ്ഞെടുപ്പ് പ്രചരണത്തിന് വേണ്ടി വിതരണം ചെയ്യുന്ന നോട്ടീസ്, ലഘുലേഖ എന്നിവ പരിമിതപ്പെടുത്തി പരമാവധി സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്തണം. വോട്ടര്‍മാര്‍ മാസ്‌ക്, സാനിറ്റൈസര്‍ എന്നിവ കര്‍ശനമായി ഉപയോഗിക്കണമെന്ന സന്ദേശം കൂടി സ്ഥാനാര്‍ത്ഥികളുടെയും മറ്റും തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. 

 

സ്ഥാനാര്‍ത്ഥികള്‍ക്ക് ഹാരം, ബൊക്കെ, നോട്ടുമാല, ഷാള്‍ എന്നിവയോ മറ്റോ നല്‍കി കൊണ്ടുള്ള സ്വീകരണ പരിപാടി പാടില്ല. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്ക് കോവിഡ് പോസിറ്റീവ് ആകുകയോ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന ക്വാറീനില്‍ പ്രവേശിക്കുകയോ ചെയ്യുന്ന പക്ഷം ഉടന്‍ തന്നെ പ്രചാരണ രംഗത്ത് നിന്ന് മാറി നില്‍ക്കുകയും ജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം മാത്രമെ തുടര്‍ പ്രവര്‍ത്തനം പാടുള്ളു.

 

date