Skip to main content

അക്ഷയ 18ാം വയസ്സിലേയ്ക്ക്

വിവര സാങ്കേതിക വിദ്യയുടെ നേട്ടങ്ങള്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2002 നവംബര്‍ 18-ന് മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍കലാം മലപ്പുറത്ത് തുടക്കം കുറിച്ച അക്ഷയ പദ്ധതി 18 വര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്. കമ്പ്യൂട്ടര്‍ സാക്ഷരതയില്‍ തുടങ്ങിയ അക്ഷയ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കുന്ന അവിഭാജ്യഘടകമായി മാറി.. 2011-ല്‍ തുടക്കമിട്ട ആധാര്‍ എന്റോള്‍മെന്റ് അക്ഷയയുടെ മുഖച്ഛായ തന്നെ മാറ്റിയ പദ്ധതിയാണ്. ശയ്യാവലംബികളായ ആളുകളുടെ സമീപത്ത് പോലും ആധാര്‍ എന്റോള്‍മെന്റ് ചെയ്യുന്നതിനായി സംരംഭകര്‍ എത്തുന്നതിനാല്‍ വളരെയധികം അഭിനന്ദനങ്ങള്‍ അക്ഷയയ്ക്ക് ലഭിച്ചു. പൊതുജനങ്ങള്‍ അക്ഷയ കേന്ദ്രങ്ങള്‍ ആണെന്ന് തെറ്റിദ്ധരിച്ച് സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളെ സമീപിക്കാറുണ്ട്. ഇതൊഴിവാക്കാന്‍ അക്ഷയയുടെ ലോഗോ ബോര്‍ഡ്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ പ്രദര്‍ശിപ്പിച്ചിട്ടുളള കേന്ദ്രങ്ങളാണോ എന്ന് പൊതുജനങ്ങള്‍ക്ക് പരിശോധിക്കാവുന്നതാണ്.

 ഇടുക്കി ജില്ലയിലെ അക്ഷയ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ ചെയ്യുന്നതിലേക്കായി വിവിധ നൂതന കര്‍മ്മപദ്ധതികള്‍ അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റെ നേതൃത്വത്തില്‍ ആരംഭിച്ചതായും വിവിധ സേവനങ്ങള്‍ക്ക് പൊതുജനങ്ങള്‍ വ്യാജ സേവന കേന്ദ്രങ്ങളെ സമീപിക്കാതെ അക്ഷയ കേന്ദ്രങ്ങളെ സമീപിക്കണമെന്നും അക്ഷയ ജില്ലാ പ്രോജക്ട് മാനേജര്‍ അറിയിച്ചു.

ഇടുക്കി ജില്ലയില്‍ അക്ഷയ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ഒക്ടോബര്‍ മാസത്തെ അക്ഷയ സംരംഭകരുടെ പ്രകടനം വിലയിരുത്തി മികച്ച സംരംഭകനായി തിരഞ്ഞെടുക്കപ്പെട്ട ജ്യോതിഷ്‌കുമാര്‍, (വണ്ണപ്പുറും അക്ഷയ), അബീഷ് പോള്‍ (എഴുപതേക്കര്‍) എന്നിവര്‍ക്ക് ജില്ലാ കളക്ടര്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ആദരിച്ചു.  ചടങ്ങില്‍ ജില്ലാ പ്രോജക്ട് മാനേജര്‍ ഷംനാദ് സി.എം ഉം, ജില്ലാ ഓഫീസ് ജീവനക്കാരും സന്നിഹിതരായിരുന്നു.
 

date