തദ്ദേശ തെരഞ്ഞെടുപ്പ്: ലഹരി കടത്തും വില്‍പ്പനയും തടയാന്‍ സ്പെഷ്യല്‍ ഡ്രൈവ്
24 മണിക്കൂര്‍ കണ്ട്രോള് റൂം നാളെ (25 നവംബര്‍) മുതല്‍
ചെക്പോസ്റ്റുകളില്‍ സംയുക്ത പരിശോധന
തീരമേഖലയിലും കര്‍ശന നിരീക്ഷണം
തദ്ദേശ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ജില്ലയില്‍ ലഹരി വസ്തുക്കളുടെ അനധികൃത വില്‍പ്പനയും ഉപയോഗവും തടയാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിക്കുന്നു. പൊലീസ്, നാര്‍കോട്ടിക്സ്, എക്സൈസ് വകുപ്പുകള്‍ സംയുക്തമായി ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും കര്‍ശന പരിശോധനയും നിരീക്ഷണവും ആരംഭിക്കുമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ 24 മണിക്കൂര്‍ കണ്ട്രോള് റൂം നാളെ (25 നവംബര്‍) തുറക്കും.
ലഹരി കടത്തു തടയാന്‍ ജില്ലയുടെ ചെക്പോസ്റ്റുകളില്‍ വിവിധ വിഭാഗങ്ങളുടെ സംയുക്ത സ്പെഷ്യല്‍ ഡ്രൈവ് ഉടന്‍ ആരംഭിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തില്‍ കളക്ടര്‍ പറഞ്ഞു. തീര മേഖലകളില്‍ പരിശോധനയ്ക്ക് പൊലീസ്, എക്സൈസ്, നാര്‍കോട്ടിക്സ് വകുപ്പുകള്‍ പ്രത്യേക ടീം രൂപീകരിക്കണം. മലയോര മേഖലകളില്‍ വനംവകുപ്പുമായി ആലോചിച്ചു പരിശോധനകള്‍ നടത്തണം. റെയില്‍വേ സ്റ്റേഷനുകളിലെ പരിശോധനയ്ക്കു റെയില്‍വേ സംരക്ഷണ സേനയുമായി ചേര്‍ന്നു പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ നിലവില്‍ ഒമ്പതു സ്ക്വാഡുകള്‍ ലഹരി മരുന്നു വില്‍പ്പന തടയാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മിഷണര്‍ പി.വി. ഏലിയാസ് പറഞ്ഞു. റേഞ്ച് അടിസ്ഥാനത്തിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ 15 മൈനര്‍ ചെക്പോസ്റ്റുകളില്‍ പരിശോധന ഉറപ്പാക്കിയിട്ടുണ്ട്. രണ്ടു മേജര്‍ ചെക്പോസ്റ്റുകളില്‍ ആര്‍ടിഒയുടെ സഹായത്തോടെ 24 മണിക്കൂറും പരിശോധന നടക്കുന്നുണ്ട്. രാത്രികാല പട്രോളിങ്ങിന് രണ്ടു സ്ട്രൈക്കിങ് ഫോഴ്സിനെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എ.ഡി.എം. വി.ആര്. വിനോദ്, ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി. സാമുവല്‍, നാര്‍കോട്ടിക്സ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണര്‍ ഷീന്‍ തറയില്‍, ഡിവൈ.എസ്.പി. വി.എസ്. ദിനരാജ്, എക്സൈസ് ഡിവിഷണല്‍ ഓഫിസ് സി.ഇ.ഒ. ആര്. അജിത് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
- Log in to post comments