നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാം ജില്ലയില്‍ ആരംഭിച്ചു: ഡി.എം.ഒ
ജില്ലയില്‍ നാഷണല്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് കണ്‍ട്രോള്‍ പ്രോഗ്രാം (എന്‍.വി.എച്ച്.സി.പി) ആരംഭിച്ചതായി ഡി.എം.ഒ: ഡോ. എ.എല്‍ ഷീജ അറിയിച്ചു. 2030 ഓടുകൂടി ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ നിര്‍മാര്‍ജനം ചെയ്യുക, ഹെപ്പറ്റൈറ്റിസ് ബി യും സി യും ബാധിച്ചവരില്‍ ലിവര്‍ സിറോസിസ്, ലിവര്‍ ക്യാന്‍സര്‍ തുടങ്ങിയവ മൂലമുളള മരണനിരക്ക് കുറയ്ക്കുക, രോഗബാധിതരുടെ എണ്ണം കുറയ്ക്കുക, ഹെപ്പറ്റൈറ്റിസ് എ, ഇ എന്നിവ മൂലമുളള രോഗാതുരതയും മരണ നിരക്കും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പ്രോഗ്രാം ആരംഭിച്ചിട്ടുളളത്.
കൃത്യമായി തിരിച്ചറിഞ്ഞാല്‍ ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാന്‍ കഴിയുന്നവയാണ് ഹെപ്പറ്റൈറ്റിസ് ബിയും സിയും. എന്നാല്‍ പ്രത്യേക ലക്ഷണങ്ങള്‍ ഉണ്ടാകില്ല എന്നതാണ് ഈ രോഗം തിരിച്ചറിയപ്പെടാതെ പോകാനുളള ഒരു കാരണം. ഹെപ്പറ്റൈറ്റിസ് എ യും ഇ യും മലിനമായ ജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുളള അടുത്ത സമ്പര്‍ക്കം വഴിയുമാണ് പകരുന്നത്. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി യും സി യും സൂചി, സിറിഞ്ച്, ശസ്ത്രക്രിയ ഉപകരണങ്ങള്‍ എന്നിവ അണുവിമുക്തമാക്കാതെ ഉപയോഗിക്കുന്നതിലൂടെയും, സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയും, സുരക്ഷിതമല്ലാത്ത രക്തദാനത്തിലൂടെയും, മയക്കുമരുന്ന് ഉപയോഗിക്കുമ്പോള്‍ ഒരേ സൂചി പങ്കുവെയ്ക്കുന്നതിലൂടെയും, അണുബാധയുളള ഉപകരണങ്ങള്‍ ഉപയോഗിച്ച് പച്ച കുത്തുന്നതിലൂടെയും, രോഗബാധിതയായ അമ്മയില്‍ നിന്നും കുഞ്ഞിലേക്കും പകരാം.
ഈ പ്രോഗ്രാമിന്റെ മോഡല്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ആരംഭിച്ചു. ഇതിന്റെ നോഡല്‍ ഓഫീസറായി അടൂര്‍ താലൂക്ക് ആശുപത്രിയിലെ ഫിസിഷ്യനായ ഡോ.അനീഷിനെ ചുമതലപ്പെടുത്തി. പി.എച്ച്.സി/ ബ്ലോക്ക് തലത്തില്‍ നിന്നും രോഗബാധിതരെ മോഡല്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് റഫര്‍ ചെയ്യും. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകളും. രോഗബാധിതരായ എല്ലാവര്‍ക്കും സൗജന്യ ചികിത്സയും ഇവിടെ ലഭ്യമാണെന്നും ഡി.എം.ഒ അറിയിച്ചു.
- Log in to post comments