Skip to main content

എറണാകുളം അറിയിപ്പുകള്‍

ഗ്രോബാഗിലെ ആവര്‍ത്തനക്കൃഷി

 

കൊച്ചി: ഗ്രോബാഗില്‍ ആവര്‍ത്തിച്ചു കൃഷിചെയ്യുന്നതുമായി ബന്ധപ്പെട്ട്  കര്‍ഷകരുടെ സംശയനിവാരണത്തിനായി ഒരു ക്‌ളാസ് ഏപ്രില്‍ 23 ന് തിങ്കളാഴ്ച രാവിലെ 11ന് വൈറ്റില കൃഷിഭവനില്‍ നടത്തപ്പെടുന്നു. കൊച്ചിന്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9447512831.

 

ഉത്തരവാദിത്ത ടൂറിസം അവബോധ ശില്‍പശാല 27-ന്

 

കൊച്ചി:  സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്ത ടൂറിസം മിഷന്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനും ഫലപ്രദമായ രീതിയില്‍ അവ ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് ആലോചിക്കുന്നതിനുമായി ഏകദിന ശില്പശാല ഏപ്രില്‍ 27 ന് രാവിലെ 9.30 ന് കടവന്ത്ര കെ.പി.വളേളാന്‍ റോഡിലുളള കൊച്ചിന്‍ പാലസ് ഹോട്ടലില്‍ നടത്തും. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റ്/ചെയര്‍മാന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവര്‍ ശില്പശാലയില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.

കൂടാതെ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍പ്പെട്ട കര്‍ഷക പ്രതിനിധി, കലാകാരന്മാരുടെ പ്രതിനിധികള്‍, കരകൗശല നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ പ്രതിനിധികള്‍, ഹോം സ്റ്റേ, ഹോട്ടല്‍, റിസോര്‍ട്ട് സംരംഭകരുടെ പ്രതിനിധികള്‍ എന്നിവരടക്കം അഞ്ച് പേരെ കൂടി അവബോധ ശില്പശാലയില്‍ പങ്കെടുപ്പിക്കാം. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്‌കുമാറുമായി ബന്ധപ്പെടുക. ഫോണ്‍ 8111805554. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും, സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായാണ് ഉത്തരവാദിത്ത ടൂറിസം അവബോധ ശില്പശാല സംഘടിപ്പിക്കുന്നത്.

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

കൊച്ചി:  സാമൂഹ്യനീതി വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോതമംഗലം ഐ.സി.ഡി.എസ് പ്രോജക്ടിലേക്ക് 2019 മാര്‍ച്ച് 31 വരെ ടാക്‌സി പെര്‍മിറ്റുളള ജീപ്പ്/കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയാറുളള വ്യക്തികള്‍/സ്ഥാപനങ്ങള്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഏപ്രില്‍ 27-ന് ഉച്ചയ്ക്ക് രണ്ടു വരെ അതത് ഓഫീസുകളില്‍ സ്വീകരിക്കുന്നതും അന്നേ ദിവസം മൂന്നിന് ഹാജരുളള കരാറുകാരുടെ സാന്നിദ്ധ്യത്തില്‍ തുറക്കുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0485-2822372.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് നല്കണം

കൊച്ചി:  രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും അവരുടെ വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരുന്ന സാമ്പത്തിക സഹായം തുടര്‍ന്നു ലഭിക്കുന്നതിനായി ഇതുവരെ ഏപ്രില്‍ മാസത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ ഉടനടി ജില്ലാ സൈനിക ഓഫീസില്‍ നല്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ 0484-2422239.

 

ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍: ജില്ലയില്‍ വന്‍ മുന്നേറ്റം

 

കൊച്ചി:  ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും, പുതുക്കലും ജില്ലയില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ റെക്കോര്‍ഡ് വേഗത്തിലാണ് കാര്‍ഡ് പുതുക്കലും, പുതിയ കാര്‍ഡ് വിതരണവും നടക്കുന്നതെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു. നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡുള്ള 1,95,868 കുടുംബങ്ങള്‍ക്കും പുതുതായി അപേക്ഷ നല്‍കിയിരിക്കുന്ന 36540 കുടുംബങ്ങള്‍ക്കും 2016-ല്‍ പുതുക്കാന്‍ സാധിക്കാത്ത 59179 കുടുംബങ്ങള്‍ക്കുമാണ്,  പഞ്ചായത്ത്, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലങ്ങളില്‍ കാര്‍ഡ് വിതരണം നടക്കുന്നത്. മാര്‍ച്ച് 8 നു ആരംഭിച്ച കാര്‍ഡ് വിതരണം കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് ഇത്രയും കുടുംബങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് ജില്ലയുടെ ആദ്യമാണെന്നും ലേബര്‍ ഓഫിസര്‍ പറഞ്ഞു.

നിലവില്‍ പ്രവര്‍ത്തനക്ഷമമായ കാര്‍ഡുളള 195868 കുടുംബങ്ങളില്‍  181288 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കി നല്‍കി. ആദ്യഘട്ടത്തില്‍ പുതുക്കല്‍ മാത്രം ആയിരുന്നു നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം അപേക്ഷ നല്‍കിയിരിക്കുന്ന 36540 കുടുംബങ്ങള്‍ക്കുള്ള പുതിയ കാര്‍ഡ് വിതരണം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ പുരോഗമിക്കുന്നു. ജില്ലയില്‍ അര്‍ഹരായിട്ടുള്ള 291587 കുടുംബങ്ങളില്‍ 205071 കുടുംബങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് പുതുക്കലും വിതരണവും പൂര്‍ത്തിയാക്കി. വിവിധ കേന്ദ്രങ്ങളില്‍ വച്ച് നടന്ന പുതുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കു പഞ്ചായത്ത് ഭരണസമിതി, കുടുംബശ്രീ, ആശ പ്രവര്‍ത്തകര്‍ പിന്തുണ നല്കി.

 

കാര്‍ഡ് എടുത്തിരിക്കുന്ന കുടുംബങ്ങളിലെ 5 അംഗങ്ങള്‍ക്ക്  ആര്‍എസ്ബിവൈ പദ്ധതി മുഖേന 30,000 രൂപയുടെ സൗജന്യ ചികിത്സ സഹായം ലഭിക്കും. കൂടാതെ  കാന്‍സര്‍, കിഡ്‌നി, ട്രോമാ, ലിവര്‍ എന്നി ഗുരുതര രോഗങ്ങള്‍ക്കു  70,000 രൂപയുടെ അധിക ചികിത്സ കൂടി ചിസ് പ്ലസ് പദ്ധതി മുഖേന ലഭിക്കുന്നു. കൂടാതെ കുടുംബത്തിലെ  60 വയസിനു മുകളില്‍ പ്രായമുള്ള 2 മുതിര്‍ന്ന അംഗങ്ങള്‍ക്ക് 30,000 രൂപയുടെ വീതം അധിക ചികിത്സ കൂടി ആര്‍എസ്ബിവൈ വഴി ലഭിക്കുന്നു. 

 

അര്‍ഹതപ്പെട്ട മുഴുവന്‍ കുടുംബങ്ങളുടെയും കാര്‍ഡുകള്‍ പുതുക്കി നല്‍കുന്നതിനും, അപേക്ഷനല്‍കിയിരിക്കുന്നവര്‍ക്ക്  പുതിയ കാര്‍ഡ് എടുക്കുന്നതിനുമായി രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. കേന്ദ്രങ്ങളെ കുറിച്ചറിയുന്നതിന് കുടുംബശ്രീ, ആശ പ്രവര്‍ത്തകരെ സമീപിക്കാം.  2016 ല്‍ കാര്‍ഡ് എടുത്തതും എന്നാല്‍ 2017 ല്‍ പുതുക്കാന്‍ സാധിക്കാത്തതുമായ കുടുംബങ്ങള്‍ക്ക് അവരവരുടെ പഞ്ചായത്തില്‍ രണ്ടാംഘട്ടം ആരംഭിക്കുമ്പോള്‍, വിവരങ്ങള്‍ ലഭ്യമാകുന്ന പക്ഷം കാര്‍ഡുകള്‍ പുതുക്കി നല്കുമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. അര്‍ഹരായ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി സഹായം എത്തിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.

date