Skip to main content

കടമക്കുടി: കെട്ടുകലക്ക് തുടങ്ങി

 

 

കൊച്ചി: പരമ്പരാഗത മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടും ,പ്രകൃതിഭംഗി ആവോളം ആസ്വദിച്ചും കടമക്കുടിയിലെ കെട്ടുകലക്ക് മഹോത്സവത്തില്‍ പങ്കുചേരാം. കടമക്കുടി പഞ്ചായത്തും കോരാമ്പാടം സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന മഹോത്സവത്തിന് ഇന്നലെ (ഏപ്രില്‍ 20-ന്) തുടക്കമായി. മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന കെട്ടുകലക്ക് 22-ന് അവസാനിക്കും. ചെമ്മീന്‍ കെട്ടുകളിലെ മീന്‍ പരമ്പരാഗത രീതിയില്‍ പിടിക്കുന്നതാണ് കെട്ടുകലക്ക്. വൈകിട്ട് നാലു മുതലാണ് മഹോത്സവം ആരംഭിക്കുന്നത്. 

കര്‍ഷകര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും പുറമെ കെട്ടുകലക്ക് കണ്ടാസ്വദിക്കാന്‍ വരുന്ന പൊതുജനത്തിന് മത്സ്യം പിടിക്കാനും, സ്വയം പാകം ചെയ്തു കഴിക്കാനുമുള്ള സൗകര്യം ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മഹോത്സവത്തോട് അനുബന്ധിച്ച് മത്സ്യവിപണനം, പട്ടം പറത്തല്‍, ബോട്ടിങ് തുടങ്ങിയവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒരുക്കുന്ന നാടന്‍ ഭക്ഷ്യ വിഭവങ്ങളുടെ സ്റ്റാളുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കടമക്കുടിയില്‍ കെട്ടുകലക്ക് നടന്നു വരുന്നു. ഓരോ വര്‍ഷവും ജനപങ്കാളിത്തം കൂടി വരുന്നതായി പഞ്ചായത്തുപ്രസിഡണ്ട് ശാലിനി ബാബു പറഞ്ഞു. കടമക്കുടിയുടെ വിനോദസഞ്ചാരസാധ്യതകള്‍ കണക്കിലെടുത്ത് കൂടുതല്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പദ്ധതികള്‍ നടപ്പാക്കിയാല്‍ അടുത്തവര്‍ഷം മുതല്‍ കെട്ടുകലക്ക് കൂടുതല്‍ വിപുലമായി നടത്താനാണ് പഞ്ചായത്ത് തീരുമാനമെന്നും പ്രസിഡണ്ട് പറഞ്ഞു.

date