കോവിഡ് പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ നടത്തിയത് ശക്തമായ ഇടപെടൽ : മന്ത്രി പി. തിലോത്തമൻ
ആലപ്പുഴ : കോവിഡ് മഹാമാരി ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും വിലക്കയറ്റം പിടിച്ചുനിർത്താൻ സംസ്ഥാന സർക്കാർ നടത്തിയത് ശക്തമായ ഇടപെടലെന്ന് ഭക്ഷ്യ പൊതുവിതരണ- ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി പി തിലോത്തമൻ. കോവിഡും, ഇന്ധന വിലവർധനയും മൂലം രാജ്യത്ത് വിലക്കയറ്റം 7 പോയിന്റാണ് ഉയർന്നത്. എന്നാൽ ഈ കാലഘട്ടത്തിൽ പൊതുവിപണിയിൽ സർക്കാർ നടത്തിയ ഇടപെടലിന്റെ ഫലമായി നമുക്കത് ഒരു പോയിന്റ് മാത്രമായി കുറക്കാനായി. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം സബ്‌സിഡി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിക്കാൻ ഒരു സാഹചര്യത്തിലും അനുവദിച്ചിട്ടില്ലെന്നും സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച ക്രിസ്തുമസ് ജില്ലാ ഫെയർ-2020 ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. ആഘോഷ വേളകളിൽ വിപണികളിൽ ഉണ്ടായേക്കാവുന്ന കൊള്ളലാഭം കൊയ്യുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലുള്ള മേളകൾ ഒരുക്കുന്നതെന്നു ഫെയർ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ സൗജന്യ കിറ്റ് വിതരണത്തിലടക്കം സപ്ലൈകോ ജീവനക്കാരും ഉദ്യോഗസ്ഥരും റേഷൻ വ്യാപാരികളും നടത്തുന്നത് മാതൃകാപരമായ പ്രവർത്തനങ്ങളാണെന്നും മന്ത്രി കൂട്ടിചേർത്തു.
ആലപ്പുഴ ജില്ലാ കോടതി പാലത്തിന് പടിഞ്ഞാറുവശം പുന്നപ്ര വയലാർ സ്മാരക ഹാളിൽ ആരംഭിച്ച ജില്ലാ ഫെയറിലെ ആദ്യവില്പന അഡ്വ: എ എം ആരിഫ് എംപി നിർവവ്വഹിച്ചു. എല്ലാവിധ നിത്യോപയോഗ സാധനങ്ങളും ഗൃഹോപകരണങ്ങളും ന്യായമായ വിലയ്ക്ക് പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനാണ് സംസ്ഥാനത്തു സപ്ലൈകോ ക്രിസ്മസ് ഫെയറുകൾ ആരംഭിച്ചിരിക്കുന്നത്. അരി, പഞ്ചസാര തുടങ്ങിയ സബ്‌സിഡി ഉൽപ്പനങ്ങൾക്ക് പുറമെ എല്ലാത്തരം പലവ്യെഞ്ജനങ്ങളും, ക്രിസ്തുമസ് പ്രമാണിച്ചു കേക്ക് അടക്കമുള്ള ഉൽപ്പന്നങ്ങളും, ഹോർട്ടിക്കോർപ്പിന്റെ പച്ചക്കറികളും ഫെയറിൽ ലഭ്യമാവും. അഡ്വ : എ. എം ആരിഫ് എം. പി അദ്ധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ സപ്ലൈകോ എറണാകുളം റീജിയണൽ മാനേജർ എൽ. മിനി, ജില്ലാ സപ്ലൈ ഓഫിസർ എം. എസ് ബീന, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ 24 വരെ പ്രവർത്തിക്കുന്ന ക്രിസ്മസ് ഫെയറിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും വില്പന. രാവിലെ 10 മുതൽ വൈകിട്ട് 7 വരെയാണ് ഫെയറിന്റെ പ്രവർത്തന സമയം.
- Log in to post comments