Skip to main content

വാട്ടർ ഒളിംപിക്സ് മുതൽ യൂണിവേഴ്സൽ ബേസിക് ഇൻകം പദ്ധതി വരെ മുഖാമുഖത്തിലുയർന്നത് ഭാവി കേരളത്തിന് അടിത്തറയാകേണ്ട സുപ്രധാന നിർദേശങ്ങൾ

 

എറണാകുളം: ഭാവി കേരളത്തിൻ്റെ വികസന സങ്കൽപ്പങ്ങളെക്കുറിച്ച് സമൂഹത്തിൻ്റെ വിവിധ മേഖലകളിലുള്ളവരുടെ അഭിപ്രായം തേടുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ നടത്തിയ മുഖാമുഖം പരിപാടിയിലുയർന്നത് സുപ്രധാന നിർദ്ദേശങ്ങൾ. യോഗത്തിൽ നേരിട്ട് അഭിപ്രായം പറഞ്ഞവർക്കും പറയാത്തവർക്കും അഭിപ്രായങ്ങൾ വിശദമായി എഴുതി നൽകാനും അവസരമുണ്ട്. സദസിലുയർന്ന അഭിപ്രായങ്ങൾ ശ്രദ്ധാപൂർവ്വം ശ്രവിച്ച മുഖ്യമന്ത്രി ഇവ പരിഗണിച്ച് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുമെന്ന് അറിയിച്ചു. പ്രൊഫ. എം.കെ. സാനുവാണ് അഭിപ്രായപ്രകടനങ്ങൾക്ക് തുടക്കമിട്ടത്. ജനങ്ങളുടെ അഭിപ്രായം മാനിച്ചും പരിഗണിച്ചും മുന്നോട്ട് പോകുന്ന രീതി ജനാധിപത്യത്തിൻ്റെ ഉത്തമ മാതൃകയാണെന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിരവധി പ്രതിസന്ധികളെ അതിജീവിച്ച് ആസൂത്രിതമായി പദ്ധതികൾ നടപ്പാക്കിയാണ് സർക്കാർ മുന്നേറിയത്. മഹാപ്രളയവും മഹാമാരിയും സേനാനായകൻ്റെ ധീരതയോടെയും യോഗിയുടെ ക്ഷമയോടെയും നേരിട്ട നേതൃത്വമാണിത്. എറണാകുളത്ത് കാൻസർ സെൻ്ററിൻ്റെ പ്രവർത്തനങ്ങൾക്കും അംഗ പരിമിതർക്കായുള്ള ക്ഷേമ പ്രവർത്തനങ്ങൾക്കും കാര്യക്ഷമമായ പ്രവർത്തനമാണ് സർക്കാർ നടത്തിയത്. എല്ലാവർക്കും മനോഹരമായ ജീവിതം സാധ്യമാക്കുക എന്ന സ്വപ്നത്തിലേക്ക് സാഹസികമായി നടന്നു കയറുന്ന മുഖ്യമന്ത്രിക്ക് അദ്ദേഹം ആശംസകളർപ്പിച്ചു. 

സുപ്രധാന നിർദ്ദേശങ്ങൾ:
എൻ.എസ്. മാധവൻ 
വിവിധ സർക്കാർ ക്ഷേമപെൻഷനുകൾ ഒരു കുടക്കീഴിലാക്കി എല്ലാവർക്കും അടിസ്ഥാന വരുമാനം ഉറപ്പാക്കുന്ന യൂണിവേഴ്സൽ ബേസിക് ഇൻകം പദ്ധതി കേരളത്തിൽ നടപ്പാക്കണമെന്ന ആശയമാണ് എൻ.എസ്. മാധവൻ അവതരിപ്പിച്ചത്. 

ഡോ. ജോസ് ചാക്കോ പെരിയപ്പുറം

അവയവ മാറ്റ ശസ്ത്രക്രിയാ രംഗത്തെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കണം. ജീവിച്ചിരിക്കുന്ന വ്യക്തികളുടെയും മരിച്ച വ്യക്തികളുടെയും അവയവ മാറ്റം സംബന്ധിച്ച് ക്രമീകരണമുണ്ടാക്കണം. 

ഫ്ളാറ്റുകളിലെ അസോസിയേഷനുകൾക്ക് നിയമപരമായ സംരക്ഷണം നൽകണം. ഇതിനായി നിയമ നിർമ്മാണം നടത്തണം. 

മുരളി തുമ്മാരുകുടി
നിർമ്മിത ബുദ്ധി രംഗത്ത് നിരവധി സാധ്യതകളാണുള്ളത്. ഇതിനായി പ്രത്യേക വകുപ്പ് രൂപീകരിക്കണം. 

കോവിഡിനെ തുടർന്ന് തിരിച്ചെത്തിയ പ്രവാസികൾക്ക് എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഷെയേഡ് വർക്ക് സ്പേസ് സജ്ജമാക്കണം. അവരുടെ കഴിവുകളെ നാട്ടിൽ തന്നെ പ്രയോജനപ്പെടുത്താൻ ഇതുവഴി കഴിയും. 

യൂണിവേഴ്സിറ്റികളുടെ തലപ്പത്ത് കൂടുതൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കണം. 

ജോസ് ഡൊമിനിക്ക്

ടൂറിസം മേഖലയുടെ പുനരുദ്ധാരണത്തിനാവശ്യമായ നടപടികൾ സ്വീകരിക്കണം. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. കേരളത്തിലുണ്ടാകാൻ പോകുന്ന ഫാം ബൂമിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തണം. ഫാം ടൂറിസത്തിന് നിരവധി അവസരങ്ങളുണ്ട്.

ഓരോ മണിക്കൂറും ഇടവിട്ട് കേരളത്തിലുടനീളം സർവീസ് നടത്തുന്ന മെമു ട്രെയിനുകൾ ആരംഭിക്കണം. 

മാലിന്യ സംസ്കരണം കാര്യക്ഷമമാക്കണം. വ്യത്തിയും ഹരിതാഭയുമുള്ള ആരോഗ്യകരമായ പരിസ്ഥിതി സൃഷ്ടിക്കണം. 

കെ.എൽ. മോഹനവർമ്മ
കേരളത്തിലെ ജലസ്രോതസുകളെ പ്രയോജനപ്പെടുത്തി വാട്ടർ ഒളിംപിക്സ് ആരംഭിക്കണം. 

മഴക്കാടുകളിലെ ഔഷധസസ്യങ്ങളെക്കുറിച്ച് പഠനവും ഗവേഷണവും നടത്തണം. ഇതിന് ആശയപരമായ തുടക്കമിടണം. കൂടുതൽ യുവാക്കളെ ഈ രംഗത്തിറക്കണം . 

പ്രസാദ് പണിക്കർ
ഊർജ മേഖലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. ഹൈഡ്രജൻ ഫ്യുവൽ, നാച്ചുറൽ ഗ്യാസ് തുടങ്ങിയ
പുതിയ ഊർജ സ്രോതസുകൾ ഉപയോഗത്തിൽ വന്നു. ഇതിൻ്റെ ഘടകങ്ങൾ നിർമ്മിക്കാനുള്ള ഡിജിറ്റൽ എക്കോ സിസ്റ്റം സജ്ജമാക്കണം. 

വ്യവസായ പാർക്കുകളിലെ സ്ഥലത്തിൻ്റെ വാടകയിനത്തിൽ കുറവ് വരുത്തണം. 

ഹരികുമാർ , എം.ഡി. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

വേൾഡ് എക്ണോമിക് ഫോറം ഇൻഡക്സിൻ്റെ മാതൃകയിൽ കേരളത്തിൽ പഠനം നടത്തണം. വ്യാവസായിക രംഗത്തുണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്നതിനാണിത്. 

സംസ്ഥാനത്തിന് മാത്രമായി പ്രത്യേക കയറ്റുമതി നയം രൂപീകരിക്കണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൺസൾട്ടൻസി സപ്പോർട്ട് ഉറപ്പാക്കണം. ഷോപ്പ് സ് ആൻഡ് എസ്റ്റാബ്ലിഷ്മെൻ്റ് നിയമ പ്രകാരമുള്ള രജിസ്ട്രേഷൻ വ്യവസ്ഥകൾ ലളിതമാക്കണം. 

സ്വാമി ശിവസ്വരൂപാനന്ദ
ജാതിയില്ലാ വിളംബരവുമായി ബന്ധപ്പെട്ട് അദ്വൈതാശ്രമം സമർപ്പിച്ച നിർമ്മാണ പദ്ധതിക്ക് സഹായം നൽകണം. 

പൊതു ശൗചാലയങ്ങൾ നിർമ്മിക്കണം

ബിഷപ്പ് മാർ ഗ്രിഗോറിയോസ്
മാലിന്യ മുക്ത കേരളം കൂടുതൽ പ്രാധാന്യത്തോടെ നടപ്പാക്കണം. നിലവാരമുള്ള റോഡുകൾ നിർമ്മിക്കണം. തീരദേശ മേഖലയിൽ കടൽക്ഷോഭത്തെ ചെറുക്കാൻ കടൽഭിത്തി നിർമ്മിക്കണം. ഭിന്നശേഷിക്കാരും ബുദ്ധിമാന്ദ്യമുള്ളവരുമായ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകണം. ഇത്തരം കുട്ടികളുള്ള കുടുംബങ്ങൾക്ക് സഹായം നൽകണം. ഇത്തരം കുട്ടികളെ ഏറ്റെടുക്കുന്ന സ്ഥാപനങ്ങൾക്ക് കൂടുതൽ സാമ്പത്തിക സഹായം നൽകണം. 

ബിഷപ്പ് മാർ തിയോഡോസിയസ്
മുവാറ്റുപുഴ ജില്ല രൂപീകരിക്കണം. 

ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളത്തിലെ ഇടതുപക്ഷ അവബോധം തകർക്കാനുള്ള ശ്രമങ്ങളെ ചെറുക്കണം. മതനിരപേക്ഷ, സോഷ്യലിസ്റ്റ് സംസ്കാരം പ്രചരിപ്പിക്കാൻ ഇവ സിലബസിൽ ഉൾപ്പെടുത്തണം. 

ഡോ. മ്യൂസ് മേരി ജോർജ്
ഓട്ടിസം, ഭിന്നശേഷി കുട്ടികൾക്കായി എല്ലാ ബ്ലോക്ക് പഞ്ചായത്തുകളിലും സ്കൂളുകൾ ആരംഭിക്കണം. വയോജനങ്ങൾക്കായുള്ള പകൽ വീടുകളുടെ പ്രവർത്തനം സജീവമാക്കണം. ഇതിൻ്റെ പരിപാലനം കുടുംബശ്രീയെ ഏൽപ്പിക്കണം. പൊതുജനങ്ങളുമായി ഇടപെടുന്നതിന് പോലീസിന് ഇടയ്ക്കിടെ റിഫ്രഷർ കോഴ്സ് നടത്തണം. പ്ലാസ്റ്റിക് മാലിന്യ സംസ്കരണം ശക്തമാക്കണം. പച്ചക്കറി - മത്സ്യ മാർക്കറ്റുകളോട് ചേർന്ന് ഉറവിട മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കണം. ആത്മഹത്യ ചെയുന്ന കുട്ടികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, പ്രതിസന്ധികളെ തരണം ചെയ്യുന്നതിന് കുട്ടികൾക്ക് പരിശീലനം നൽകണം. ഇത് സ്കൂൾ സിലബസിൻ്റെ ഭാഗമാക്കണം. പൊതു ശൗചാലയങ്ങൾ നിർമ്മിക്കണം. കരയിടിച്ചിൽ ഉണ്ടാകാതെ പുഴയോരങ്ങളെ സംരക്ഷിക്കണം. നടപ്പാതകൾ കയ്യേറുന്നത് തടഞ്ഞ് നടപ്പാതകൾ കാൽനടയാത്രക്കാരൻ്റെ അവകാശമാക്കി സംരക്ഷിക്കണം.

ജസ്റ്റിസ് നാരായണക്കുറുപ്പ്
കൊച്ചി- തി രു വ ന ന്തപുരം യാത്രാ സമയം കുറയ്ക്കുന്നതിന് ഗതാഗത സംവിധാനം ശക്തമാക്കണം. 

മധുസൂദനൻ , വി.സി. കൊച്ചി സർവകലാശാല
ഉന്നത വിദ്യാഭ്യാസ രംഗത്തെ വികസനത്തിന് ഊന്നൽ നൽകണം. പുതിയ കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യമൊരുക്കണം. 

തോമസ് ജോൺ, അഗാപ്പെ മെഡിക്കൽ എക്വിപ്മെൻറ്സ്, ലബോറട്ടറി ഡയഗ്നോസ്റ്റിക് നിർമ്മാതാവ്

കേരളത്തിൽ ലബോറട്ടറി ഡയഗ്നോ സിസ് പാർക്ക്, ഐ വി ഡി പാർക്ക് എന്നിവ ആരംഭിക്കണം. ലബോറട്ടറി ഉപകരണങ്ങളുടെ നിർമ്മാണത്തിൽ കേരളത്തിന് വലിയ സാധ്യതയുണ്ട്.

ദീപക് അശ്വിൻ, ഫിക്കി
വല്ലാർപാടത്ത് കോസ്റ്റൽ എക്ണോമിക് സോൺ രൂപീകരിക്കണം. പാലക്കാട് എഫ് എം സി ജി ക്ലസ്റ്റർ രൂപീകരിക്കണം. 

ഡോ. ആശ
കോ വിഡ് കാലത്ത് ആരംഭിച്ച വാർഡ്തല സമിതിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കണം. താലൂക്ക് ആശുപത്രികളുടെ ഗ്രിഡ് രൂപീകരിച്ച് ഓരോ ആശുപത്രിയും ഓരോ സ്പെഷ്യാലിറ്റി ആശുപത്രികളാക്കി ഉയർത്തണം. അർബൻ ഹെൽത്ത് സെൻററുകളുടെ എണ്ണം വർധിപ്പിക്കണം. തീരദേശ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾക്കായി പ്രത്യേക പാക്കേജ് തയാറാക്കണം. കുട്ടമ്പുഴ, വേങ്ങൂർ തുടങ്ങിയ ആദിവാസി മേഖലകളിൽ റിമോട്ട് ഹെൽത്ത് സെൻ്ററുകൾ ആരംഭിക്കണം. താലൂക്ക് ആശുപത്രികളിലെ ട്രോമ, എമർജൻസി സംവിധാനങ്ങൾ ശക്തിപ്പെടുത്തണം.

date