Skip to main content

പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണവുമായി ചാവക്കാട് പോലീസ് 

 

 

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആളുകൾ കൂട്ടംകൂടുന്നത് തടയാൻ നിയന്ത്രണങ്ങളുമായി ചാവക്കാട് പോലീസ്. ചാവക്കാട് ബീച്ച് കേന്ദ്രീകരിച്ച് നടക്കുന്ന ആഘോഷപരിപാടികൾ നിയന്ത്രണ വിധേയമാക്കാൻ ചേറ്റുവ മുതൽ എടക്കഴിയൂർ വരെയുള്ള തീരദേശ മേഖലകളിൽ പോലീസ് പട്രോളിങ് ഊർജിതമാക്കും. രാത്രി 7 മണിക്ക് ശേഷം ചാവക്കാട് ബീച്ചിലേക്ക് ആളുകളെ പ്രവേശിപ്പിക്കില്ല. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കുമെന്നും ചാവക്കാട് എസ്എച്ച്ഒ അനിൽ ടി മേപ്പള്ളി അറിയിച്ചു. 

 

രാത്രി ഒൻപതു മണിയോടെ സ്റ്റേഷൻ അതിർത്തിയിലെ 45കിലോമീറ്റർ ചുറ്റളവിലുള്ള കടകളെല്ലാം അടയ്ക്കാൻ വ്യാപാരസ്ഥാപനങ്ങൾ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. ബാറുകൾ പത്തുമണിയോടെ അടയ്ക്കും. പോലീസിനോടൊപ്പം ഷാഡോ പോലീസും പട്രോളിങ്ങിനുണ്ടാകും. വീഡിയോ ക്യാമറ ഉപയോഗിച്ചാകും പട്രോളിങ്. അഴീക്കോട് കോസ്റ്റൽ പോലീസ്, ചാവക്കാട് സ്റ്റേഷൻ എന്നിവിടങ്ങളിലെ രണ്ട് സിഐമാരുടെ നേതൃത്വത്തിലാണ് ക്രമസമാധാനം നിയന്ത്രിക്കുക. എസ്ഐമാരടങ്ങുന്ന 150ഓളം പോലീസുകാരുടെ സേനയും ചാവക്കാട് സജ്ജമാണ്. 

 

വാഹനപരിശോധന, റോഡുകളിൽ പടക്കം പൊട്ടിക്കുന്നത്, ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള യാത്ര എന്നിവക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികളെന്നും ഇത്തവണത്തെ ആഘോഷം വീടുകളിൽ ചുരുക്കി ജാഗ്രത പാലിച്ച് ജനങ്ങൾ സഹകരിക്കണമെന്നും സി ഐ പറഞ്ഞു.

date