Skip to main content

തീരദേശവാസികള്‍ക്ക് ആയുരാരോഗ്യം പകരാന്‍ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം

 

 

 

തീരദേശവാസികളുടെ ആയുരാരോഗ്യത്തിനായി ആധുനിക ചികിത്സാ സൗകര്യങ്ങളോടെ വലപ്പാട് ഗവ വാഴൂര്‍ ശ്രീനിവാസ ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം. പഞ്ചകർമ ചികിത്സാ രീതി ഉൾപ്പെടെ മികച്ച  സൗകര്യങ്ങളോടെയാണ് ആശുപത്രി കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. 

 

ഗീതാ ഗോപി എം എൽ എ യുടെ പ്രവർത്തനഫലമായാണ് തീരദേശ വാസികള്‍ക്ക്  പുതിയ കെട്ടിടമെന്ന സ്വപ്നം യാഥാർഥ്യമായത്. ജില്ലയിലെ ഗവ. ആയുര്‍വേദ ആശുപത്രികളില്‍ മികച്ചതാണ്  ഈ ആശുപത്രി കെട്ടിടം.  നാലു കോടി  രൂപ ചെലവില്‍ 18,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ്  നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മികച്ച സൗകര്യത്തോടെ  രണ്ടുനിലകളിലുള്ള ആശുപത്രിയില്‍  അഞ്ചുപേരെ വീതം കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. ചികിത്സയ്ക്കെത്തുന്ന  രോഗികൾക്ക് ആവശ്യമായ സൗകര്യങ്ങൾ പുതിയ കെട്ടിടത്തിൽ ഒരുക്കിയിട്ടുണ്ട്.

 

എട്ട് വാര്‍ഡുകൾ, ഓരോ വാര്‍ഡിലും രണ്ട്  ബാത്ത്‌റൂമുകള്‍. ഓരോ നിലയിലും  പഞ്ചകര്‍മ്മ, സ്റ്റീം ബാത്ത്, ഹിപ്പ് ബാത്ത് ടബ് എന്നിവയ്ക്ക് സൗകര്യം. പഞ്ചകര്‍മയ്ക്കും കുറഞ്ഞ നിരക്കില്‍  ഫിസിയോ തെറാപ്പിക്കും സൗകര്യമുണ്ട്. ആശുപത്രിയില്‍  20 പേരെ  കിടത്തിചികിത്സിക്കാണ്  സര്‍ക്കാര്‍ അനുമതി. ഇതോടൊപ്പം പേ വാര്‍ഡുകളില്‍ 40 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമുണ്ട്. 

 

1986ല്‍ ഡിസ്പെന്‍സറിയായാണ് ആയുര്‍വേദ ചികിത്സാലയം തുടങ്ങിയത്. 2001ല്‍ ആയുര്‍വേദാശുപത്രിയായി ഉയര്‍ത്തി. പിന്നീട് കാലപ്പഴക്കത്താൽ ശോച്യാവസ്ഥയിലായ കെട്ടിടം ഗീതാ ഗോപി എംഎല്‍എയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ന് കാണുന്ന നിലയിൽ എത്തിയത്.  തീരവികസന കോര്‍പ്പറേഷനില്‍ നിന്ന് 1.55 കോടിയും എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന്  80 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ പദ്ധതി  വിഹിതം  90 ലക്ഷവുമാണ് ആശുപത്രി നിര്‍മ്മാണത്തിനായി ചെലവഴിച്ചത്. 

 

ഡോ. എസ് ജയദീപാണ് ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍. നിലവിൽ ആശുപത്രിയിൽ രണ്ട് ഡോക്ടർമാർ ആണുള്ളത്. ഒരു ഡോക്ടറെ കൂടി നിയമിക്കും

date