Skip to main content

കുരീപ്പുഴ മലിനജല സംസ്‌കരണ പ്ലാന്റ്; അവലോകന യോഗം ചേര്‍ന്നു

കുരീപ്പുഴ മലിനജല സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ  അധ്യക്ഷതയില്‍  കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. വരുംതലമുറയുടെ സുരക്ഷയ്ക്കും നാടിന്റെ വികസനത്തിനും ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജന രീതികള്‍ അവലംബിക്കേണ്ടത് അനിവാര്യമാണെന്ന് യോഗത്തില്‍ പങ്കെടുത്ത മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു. ശരിയായ മലിനജല സംസ്‌കരണ സംവിധാനങ്ങളുടെ അപര്യാപ്തത അഷ്ടമുടിക്കായലിലെ  ആവാസ വ്യവസ്ഥയെയും മത്സ്യസമ്പത്തിനെയും പ്രതികൂലമായി ബാധിക്കും. ഹരിത ട്രിബ്യൂണലിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ ഭീമമായ തുക പിഴ അടയ്‌ക്കേണ്ടതായി വരുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
കുരീപ്പുഴ മലിനജല സംസ്‌കരണ പ്ലാന്റ് മാതൃകാപരമായ പദ്ധതിയാണെന്നും ആഗോളതലത്തില്‍ പിന്തുടരുന്ന ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദപരമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും  ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. നാടിന്റെ സുരക്ഷയ്ക്ക് ഇത്തരം പദ്ധതികള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരേണ്ടതുണ്ട്. അതിന് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്നും കലക്ടര്‍ പറഞ്ഞു. കുരീപ്പുഴയിലെ ജനങ്ങളുടെ ആശങ്കകള്‍  ബി ജെ പി പ്രതിനിധി വിശദീകരിച്ചു. മലിനജലം ശാസ്ത്രീയമായി  സംസ്‌കരിച്ച് പുനരുപയോഗ സാധ്യതയുള്ളതാക്കി  മാറ്റുകയാണ് കുരീപ്പുഴയില്‍ ചെയ്യുന്നതെന്നും പൂര്‍ണ്ണമായും സുരക്ഷിതമായ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും കലക്ടര്‍ മറുപടി നല്‍കി.
കുരീപ്പുഴ മാലിന്യ സംസ്‌കരണ പ്ലാന്റിലേക്കെത്തുന്ന മലിനജലത്തിന്റെ ഘട്ടങ്ങളായുള്ള സംസ്‌കരണം,  പുനരുപയോഗ സാധ്യതകള്‍ എന്നിവ  വിശദീകരിക്കുന്ന വീഡിയോ ചിത്രം യോഗത്തില്‍ പ്രദര്‍ശിപ്പിച്ചു. മലിനീകരണ നിയന്ത്രണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സിമി പദ്ധതിയുടെ സാങ്കേതികവശങ്ങള്‍ വിശദീകരിച്ചു.
കലക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, കുരീപ്പുഴ വാര്‍ഡ് കൗണ്‍സിലര്‍ ശ്രീലത, ജില്ലാ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആസിഫ് കെ യൂസഫ്,  കോര്‍പ്പറേഷന്‍ സെക്രട്ടറി കെ ഹരികുമാര്‍, അഡീഷണല്‍ സെക്രട്ടറി എ ഐ നൈസാം, ഡി ടി പി സി സെക്രട്ടറി സി സന്തോഷ് കുമാര്‍, ബി ജെ പി പ്രതിനിധി മണലില്‍ കെ സന്തോഷ്, ഡി സി സി ജനറല്‍ സെക്രട്ടറി ജി ജയപ്രകാശ്, സി പി ഐ സിറ്റി കമ്മിറ്റി സെക്രട്ടറി എ  രാജീവ്, കേരള കോണ്‍ഗ്രസ്(ബി) പ്രതിനിധി തടത്തിവിള  രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 3479/2020)

 

date