Skip to main content

പുരാരേഖകളുടെ ശേഖരണത്തിനായി ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെരിറ്റേജ് സെന്റർ ഒരുങ്ങുന്നു

*ശിലാസ്ഥാപനം ഏഴിന് മുഖ്യമന്ത്രി നിർവഹിക്കും
പുരാരേഖകളുടെ അന്താരാഷ്ട്ര നിലവാരത്തിലുളള പഠനം, ഗവേഷണം, ശാസ്ത്രീയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന ആർക്കൈവ്സ് വകുപ്പും കേരള സർവ്വകലാശാലയും സംയുക്തമായി 'ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെരിറ്റേജ് സെന്ററിന് തുടക്കം കുറിക്കുന്നു.  ശാശ്വതമൂല്യമുളള പുരാരേഖകൾ ശാസ്ത്രീയ സംരക്ഷണം നടത്തി ഭാവി തലമുറയ്ക്ക് ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യം. സംസ്ഥാന ആർക്കൈവ്സ് വകുപ്പിന്റെ കൈവശമുള്ള 14-ാം നൂറ്റാണ്ട് മുതലുള്ള അമൂല്യമായ രേഖാശേഖരം ഇതിലൂടെ സംരക്ഷിക്കാനാകും. കേരള സർവ്വകലാശാല ലീസ് എഗ്രിമെന്റ് പ്രകാരം 33-വർഷത്തേയ്ക്ക് കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ വകുപ്പിന് അനുവദിച്ച ഒരേക്കർ സ്ഥലത്താണ് സെന്റർ ആരംഭിയ്ക്കുന്നത്. കേരള സർക്കാർ പദ്ധതി നിർവ്വഹണത്തിനായി നടപ്പ് സാമ്പത്തിക വർഷ ബജറ്റിൽ ആറ് കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സർക്കാരിന്റെ മ്യൂസിയങ്ങളുടെ നിർമ്മാണ നോഡൽ ഏജൻസിയായ കേരളം മ്യൂസിയമാണ് പദ്ധതി നിർവ്വഹണം നടത്തുന്നത്. സെന്ററിന്റെ ആദ്യഘട്ട നിർമ്മാണം നടപ്പ് സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കും.
ആർക്കൈവ്സിന്റെ പക്കലുളള ഒരു കോടിയിലേറെ വരുന്ന താളിയോല രേഖകൾ പ്രദർശിപ്പിക്കുന്ന താളിയോലരേഖാ മ്യൂസിയവും തിരുവനന്തപുരത്ത് സജ്ജമായി വരുന്നു.
ഇന്റർനാഷണൽ ആർക്കൈവ്സ് ആന്റ് ഹെരിറ്റേജ് സെന്ററിന്റെ ശിലാസ്ഥാപനം ഏഴിന് വൈകിട്ട് മൂന്നിന്  മുഖ്യമന്ത്രി പിണറായി വിജയൻ  വീഡിയോ കോൺഫറൻസ് വഴി നിർവഹിക്കും. കാര്യവട്ടം ക്യാമ്പസിലെ അക്വാട്ടിക് ബയോളജി ഹാളിൽ ചേരുന്ന ചടങ്ങിൽ പുരാരേഖ മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ.ടി.എം. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ, ഡോ.കെ.ടി.ജലീൽ, മേയർ ആര്യ രാജേന്ദ്രൻ എസ്., ശശിതരൂർ എം.പി. എന്നിവർ സംബന്ധിക്കും.
പി.എൻ.എക്സ്. 85/2021

date