Skip to main content

വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം: ജില്ലാകലക്ടര്‍

ജനുവരി ഒന്ന് മുതല്‍ 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ സംശയനിവാരണത്തിനും ഡിജിറ്റല്‍ ക്ലാസ്സുകളുടെ തുടര്‍പ്രവര്‍ത്തനത്തിനും മാതൃകാ പരീക്ഷകള്‍ക്കുമായി സ്‌കൂളിലെത്തുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും രക്ഷിതാക്കളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്ന് ജില്ലാകലക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ജില്ലയില്‍ വിദ്യാര്‍ഥികളുടെ എണ്ണം കൂടുതലായതിനാല്‍ അതീവ ജാഗ്രതയും സുരക്ഷാ മുന്‍കരുതലുകളും സ്വീകരിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി. കോവിഡ് പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഒരുക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജില്ലാതല വകുപ്പ് മേധാവികളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

മാസ്‌ക്, സാനിറ്റൈസര്‍, കുടിവെള്ളം എന്നിവ വിദ്യാര്‍ഥികള്‍ കൊണ്ടു വരണം. രക്ഷകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലെത്തേണ്ടത്. സ്‌കൂളുകളില്‍ മാസ്‌ക്, ഡിജിറ്റില്‍ തെര്‍മോമീറ്റര്‍, സാനിറ്റൈസര്‍, സോപ്പ് തുടങ്ങിയവ സജ്ജീകരിക്കണം. ആദ്യഘട്ടത്തില്‍ ഒരു സമയം പരമാവധി 50 ശതമാനം കുട്ടികളെ മാത്രമേ സ്‌കൂളുകളില്‍ അനുവദിക്കാന്‍ പാടുള്ളൂ. ആദ്യത്തെ ആഴ്ച ഒരു ബഞ്ചില്‍ ഒരു കുട്ടി എന്ന നിലയില്‍ ക്ലാസുകള്‍ ക്രമീകരിക്കണം. 10, പ്ലസ്ടു തലത്തില്‍  പ്രത്യേകമായി 300 കുട്ടികള്‍ വരെയുള്ള സ്‌കൂളുകളില്‍ ഒരു സമയം 50 ശതമാനം വരെ കുട്ടികള്‍ക്ക് ഹാജരാകം. അതില്‍ കൂടുതലുള്ള സ്‌കൂളുകളില്‍ ഒരുസമയം 25 ശതമാനം കുട്ടികള്‍ ഹാജരാകണം. കുട്ടികള്‍ തമ്മില്‍ രണ്ട് മീറ്റര്‍ ശാരീരിക അകലം പാലിക്കണം. ആവശ്യമെങ്കില്‍ മറ്റു ക്ലാസ്‌റൂമുകള്‍ കൂടി ഉപയോഗപ്പെടുത്തണം. കോവിഡ് രോഗബാധിതര്‍ (കുട്ടികള്‍, അധ്യാപകര്‍, സ്‌കൂള്‍ ജീവനക്കാര്‍), രോഗലക്ഷണങ്ങളുള്ളവര്‍ ക്വാറന്റൈനിലുള്ളവര്‍ എന്നിവര്‍ ആരോഗ്യവകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങള്‍ക്കുശേഷം മാത്രമേ സ്‌കൂളുകളില്‍ ഹാജരാകാന്‍ പാടുള്ളൂ. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള രോഗികളുടെ വീടുകളില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍, രക്ഷാകര്‍ത്താക്കള്‍, മറ്റു ജീവനക്കാര്‍ എന്നിവര്‍ സ്‌കൂളുകളില്‍ വരാതിരിക്കുന്നതാണ് അഭികാമ്യം. സ്‌കൂളുകളില്‍ മതിയായ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ഉറപ്പുവരുത്തണം. സ്‌കൂള്‍ പരിസരം, ഫര്‍ണീച്ചറുകള്‍, സ്റ്റേഷനറി, സ്റ്റോര്‍ റൂം, വാട്ടര്‍ ടാങ്ക്, അടുക്കള, കാന്റീന്‍, ശുചിമുറി, ലാബ്, ലൈബ്രറി തുടങ്ങിയ എല്ലാ സ്ഥലങ്ങളും അണുവിമുക്തമാക്കണം.
 

കോവിഡിനൊപ്പം ജലജന്യരോഗങ്ങളും കണ്ടുതുടങ്ങിയിട്ടുള്ളതിനാല്‍ കുടിവെള്ളടാങ്ക്, കിണറുകള്‍, മറ്റ് ജലസ്രോതസ്സുകള്‍ എന്നിവ നിര്‍ബന്ധമായും അണുവിമുക്തമാക്കണം. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഇതിനുള്ള ക്രമീകരണങ്ങള്‍ നടത്തണം. സ്റ്റാഫ് റൂമില്‍ അധ്യാപകര്‍ക്ക് നിശ്ചിത അകലം പാലിച്ചു ഇരി പ്പിടങ്ങള്‍ ക്രമീകരിക്കണം. പൊതുജന സമ്പര്‍ക്കം വരുന്ന സ്ഥലങ്ങള്‍, ഓഫീസ് റൂം, തുടങ്ങിയ സ്ഥലങ്ങളിലും അകലം പാലിക്കണം. സാമൂഹിക/ശാരീരിക അകലം പാലിക്കുന്നത് സംബന്ധിച്ച് പോസ്റ്ററുകള്‍, സ്റ്റിക്കറുകള്‍, സൂചനാ ബോര്‍ഡുകള്‍ എന്നിവ ക്ലാസ്സ് റൂമുകള്‍, ലൈബ്രറികള്‍, കൈകള്‍ വൃത്തിയാക്കുന്ന ഇടങ്ങള്‍, വാഷ്‌റൂമിന് പുറത്ത്, സ്‌കൂള്‍ ബസ് തുടങ്ങിയ ഇടങ്ങളില്‍ പതിക്കണം. കുടിവെള്ളം ലഭ്യമാകുന്ന സ്ഥലം, കൈകള്‍ കഴുകുന്ന സ്ഥലം, വാഷ്‌റൂം തുടങ്ങിയ സ്ഥലങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനായി നിശ്ചിത അകലത്തില്‍ അടയാളങ്ങള്‍ രേഖപ്പെടുത്തണം. സ്‌കൂള്‍ വാഹനത്തിനുള്ളിലും മറ്റു വാഹനങ്ങളിലും എല്ലാവരും സാമൂഹിക അകലം പാലിക്കുകയും മാസ്‌ക് ധരിക്കുകയും വേണം.
വാഹനത്തിന്റെ ജനാലകളില്‍ കര്‍ട്ടനുകള്‍ ഇടരുത്.എല്ലാ ജനാലകളും തുറന്നിടണം. രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ഭയപ്പെടാതെ രക്ഷിതാക്കളേയോ അധ്യാപകരെയോ അറിയിക്കണം. ഭക്ഷണം, കുടിവെള്ളം എന്നിവയും ക്ലാസില്‍ ഉപയോഗിക്കുന്ന വസ്തുക്കളും മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്. വ്യക്തിശുചിത്വം, പരിസരശുചിത്വം, ആരോഗ്യപരമായ ഭക്ഷണം എന്നീ ശീലങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. സ്‌കൂളുകളില്‍ ഭക്ഷണ വിതരണം ഉണ്ടാവുകയില്ല. സ്‌കൂളുകളിലും പരിസരത്തും അധ്യാപകരും വിദ്യാര്‍ഥികളും ജീവനക്കാരും തുപ്പാന്‍ പാടില്ല. സ്‌കൂള്‍ വിട്ട് വീട്ടിലെത്തുന്ന കുട്ടികള്‍ കുളിച്ച ശേഷം അകത്ത് കയറണം.

date