കൊപ്പം - വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി:ആദ്യഘട്ടം പൂര്‍ത്തിയായി ഇന്ന് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും
കൊപ്പം, വിളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിനു ശാശ്വത പരിഹാരമാകുന്ന കൊപ്പം-വിളയൂര്‍ സമഗ്ര കുടിവെള്ള പദ്ധതി ഇന്ന് (ജനുവരി 7) രാവിലെ 11 ന് വിളയൂര്‍ - മൈലാടിപ്പറമ്പ് ജല ശുദ്ധീകരണശാല അങ്കണത്തില്‍ വച്ച് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നാടിന് സമര്‍പ്പിക്കും.
ആദ്യഘട്ടത്തില്‍ നബാര്‍ഡില്‍ നിന്ന് 20 കോടി രൂപ ചിലവിലാണ് പ്ലാന്റും അനുബന്ധ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ ഉള്‍പ്പെടുന്ന 10 ദശലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ജലശുദ്ധീകരണ ശാല, 32 ലക്ഷം ലിറ്റര്‍ ജല സംഭരണി, ഇന്‍ടേക്ക് പമ്പ് ഹൗസ്, 21 കിലോമീറ്റര്‍ പ്രധാന വിതരണശൃംഖല എന്നിവയുടെ പ്രവര്‍ത്തന ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിക്കുക. വിളയൂര്‍ പഞ്ചായത്തിലെ മൈലാടിപ്പാറയില്‍ 70 സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. തൂതപ്പുഴയിലെ പദ്ധതിക്കായുള്ള കിണറില്‍ നിന്നാണ് ജലസംഭരണ ശാലയിലേക്ക് വെള്ളമെത്തിക്കുന്നത്.
രണ്ടാംഘട്ടത്തില്‍ വിതരണ ശൃംഖല പൈപ്പ് ലൈനുകള്‍ സ്ഥാപിക്കുന്നതിനായി കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ ഫണ്ടും മുഹമ്മദ് മുഹ്സിന് എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടും ഉള്‍പ്പെടെ 36 കോടി ചിലവില്‍ നടപ്പിലാക്കുന്ന ജല ജീവന് മിഷന് പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. 242 കി.മീ നീളത്തില്‍ വിതരണ ശൃംഖല പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു കൊണ്ട് 10746 ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 2021 മാര്‍ച്ചോടെ രണ്ടു പഞ്ചായത്തുകളിലെയും ആവശ്യപ്പെടുന്നവര്‍ക്ക് ഗാര്‍ഹിക കണക്ഷനുകള്‍ നല്‍കുന്നതിനാണ് ലക്ഷ്യമിടുന്നത്.നിലവില്‍ എം.എല്‍.എ ഫണ്ടില്‍ നിന്ന് അനുവദിച്ച 2 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച ഫണ്ടും ഉപയോഗിച്ച് പൈപ്പ് ലൈന്‍ ഇടുന്ന പ്രവര്‍ത്തി നടന്നു വരികയാണ്.
പരിപാടിയില്‍ മുഹമ്മദ് മുഹ്സിന് എം.എല്‍.എ അധ്യക്ഷനാകും. വി.കെ.ശ്രീകണ്ഠന് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിനുമോള്‍, കേരള ജല അതോറിറ്റി ബോര്‍ഡ് അംഗം അഡ്വ.വി.മുരുകദാസ് എന്നിവര്‍ പങ്കെടുക്കും.
- Log in to post comments