Skip to main content

ഫിലമെന്റ്‌രഹിത കേരളം പദ്ധതി വഴി 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാം-മുഖ്യമന്ത്രി

 

*ഫിലമെന്റ്രഹിത കേരളം: എൽ.ഇ.ഡി ബൾബ് വിതരണത്തിന് തുടക്കമായി
ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി 100 മുതൽ 150 മെഗാവാട്ട് വരെ വൈദ്യുതി ലാഭിക്കാനാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആഗോളതാപനം എന്ന മഹാവിപത്തിനെ തടയിടാൻ കേരളം മുന്നോട്ടുവെക്കുന്ന ബദൽ ഇടപെടലാണ് കൂടിയാണീ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. ഫിലമെന്റ് രഹിത കേരളത്തിന്റെ ഭാഗമായ എൽഇഡി ബൾബുകളുടെ വിതരണ ഉദ്ഘാടനം വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
വൈദ്യുതി ഉപയോഗത്തിലെ പാഴ്ചെലവുകൾ കുറയ്ക്കുന്നതിൽ പ്രധാനമാണ് കാര്യക്ഷമതയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുകയെന്നത്. സാധാരണ ബൾബുകൾ, ട്യൂബുകൾ, സി.എഫ്.എൽ എന്നിവയ്ക്ക് പകരം എൽ.ഇ.ഡി ബൾബുകളുടെ ഉപയോഗം ഇതിന് സഹായമാകും. 100 വാട്ട് ബൾബിനേക്കാൾ പ്രകാശം ഒമ്പത് വാട്ടിന്റെ എൽ.ഇ.ഡി ബൾബ് നൽകുമെന്നതിനാൽ വൈദ്യുതിയും ലാഭിക്കാം ചെലവും കുറയ്ക്കാം.
വീടുകളിൽ എൽ.ഇ.ഡി ബൾബുകൾ എത്തിച്ചും, അവിടെയുള്ള ട്യൂബുകളും ബൾബുകളും തിരികെവാങ്ങിയുമാണ് ഫിലമെന്റ് രഹിത കേരളം പദ്ധതി നടപ്പാക്കുന്നത്. മൂന്നുവർഷം ഗ്യാരൻറിയുള്ള ഗുണമേൻമയുള്ള എൽ.ഇ.ഡികളാണ് വിതരണം ചെയ്യുന്നത്. ഗ്യാരൻറി കാലയളവിൽ കേടുവന്നാൽ മാറ്റിനൽകും.
കെ.എസ്.ഇ.ബി വെബ്സൈറ്റിൽ നിലവിൽ രജിസ്റ്റർ ചെയ്ത 17 ലക്ഷത്തോളം ഉപഭോക്താക്കൾക്കാണ് എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്യുന്നത്. ഇവർക്ക് ഒരുകോടിയോളം ബൾബുകളാണ് ഈ ഘട്ടത്തിൽ നൽകുക. ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ ഈ അവസരം പ്രയോജനപ്പെടുത്തണം.
പീക്ക്ലോഡ് സമയത്തെ വൈദ്യുതി ലാഭിക്കുന്നത് വഴി വൈദ്യുതി ബോർഡിന്റെ വാങ്ങൽ ചെലവ് കുറയ്ക്കാനുമാകും. പഴയ ബൾബും ട്യൂബും തിരിച്ചെടുക്കുന്നതുവഴി പാരിസ്ഥിതിക നേട്ടവുമുണ്ട്. ഉപയോഗശൂന്യമായ ബൾബുകൾ പറമ്പിൽ വലിച്ചെറിയുന്നതിൽ നിന്ന് മണ്ണിൽ മെർക്കുറി ചേരുന്നത് മലിനീകരണമുണ്ടാക്കുന്നുണ്ട്. എന്നാൽ, കെ.എസ്.ഇ.ബി തിരിച്ചെടുക്കുന്ന ബൾബുകൾ ക്ലീൻ കേരള കമ്പനി വഴി സംസ്‌കരിക്കും.
ഇതിനൊപ്പം തെരുവുവിളക്കുകൾ പൂർണമായി എൽ.ഇ.ഡിയിലേക്ക് മാറ്റുന്നതിന് 'നിലാവ്' പദ്ധതി തദ്ദേശസ്വയംഭരണ വകുപ്പും കെ.എസ്.ഇ.ബിയും ചേർന്ന് ആവിഷ്‌കരിച്ചിട്ടുണ്ട്. 16 ലക്ഷത്തോളം തെരുവുവിളക്കുകൾ ഉള്ളതിൽ അഞ്ചരലക്ഷത്തോളം നിലവിൽ എൽ.ഇ.ഡിയാണ്. ബാക്കി കൂടി എൽ.ഇ.ഡി ആക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ രണ്ടുലക്ഷം വിളക്കുകളും അടുത്തഘട്ടം ബാക്കിയും എൽ.ഇ.ഡി ആക്കുകയാണ് ലക്ഷ്യം. 205 കോടി രൂപ കിഫ്ബി വഴി ഇതിനായി ചെലവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വൈദ്യുത വിതരണ പ്രസരണ മേഖലയിലെ വികസനങ്ങൾക്കൊപ്പം ഊർജസംരക്ഷണത്തിനും വലിയ പ്രാധാന്യം നൽകുന്നതിന്റെ തെളിവാണ് നാലു വർഷവും ദേശീയ ഊർജ സംരക്ഷണ അവാർഡ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി അധ്യക്ഷനായ യോഗത്തിൽ തദ്ദേശസ്വയംഭരണ മന്ത്രി എ.സി മൊയ്തീൻ മുഖ്യപ്രഭാഷണം നടത്തി.
പി.എൻ.എക്സ്. 120/2021

date