Skip to main content

നീറുന്ന ഓര്‍മകളുമായി അവരെത്തി; പകരമാവില്ലെങ്കിലും........

 

അഞ്ച് മാസങ്ങള്‍ക്കു മുമ്പ്   ഇരുളിന്റെ മറവില്‍ ഇരച്ചെത്തിയ ദുരന്തത്തിന്റെ നീറുന്ന ഓര്‍മ്മളുമായിട്ടായിരുന്നു അവര്‍ എത്തിയത്.

 പെട്ടിമുടി ദുരന്തത്തില്‍ അകപ്പെട്ടവരുടെ അനന്തരാവകാശികള്‍ ധനസഹായ വിതരണം ക്രമീകരിച്ചിരുന്ന മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ വേറിട്ട കാഴ്ചകളായിരുന്നു. മാതാപിതാക്കളെ നഷ്ടപ്പെട്ടവര്‍, മക്കളെ നഷ്ടപ്പെട്ടവര്‍ സഹോദരങ്ങളെ നഷ്ടപ്പെട്ടവര്‍, സുഹൃത്തുക്കളെ നഷ്ടപ്പെട്ടവര്‍ അങ്ങിനെ ......

ഉറ്റവരെ നഷ്ടമായ വേദന എത്ര മറച്ചിട്ടും അവരുടെ മുഖങ്ങളില്‍ നിഴലിച്ചു  നിന്നു.ധനസഹായം ഏറ്റുവാങ്ങവെ  ഉണങ്ങാത്ത കണ്ണീര്‍ച്ചാല്‍  പലരുടെയും മുഖങ്ങളില്‍ തെളിഞ്ഞു നില്ക്കുന്നതു പോലെ തോന്നി. അച്ഛനേയും അമ്മയേയും അനുജനേയും ദുരന്തം കവര്‍ന്ന നിര്‍മ്മലയായിരുന്നു ആദ്യം സഹായം ഏറ്റുവാങ്ങിയത്.പതിനഞ്ച് ദിവസം മുമ്പെ തമിഴ്‌നാട്ടില്‍ നിന്നും എത്തി കൊവിഡ് നിരീക്ഷണവും കഴിഞ്ഞ ശേഷമായിരുന്നു ഉറ്റവര്‍ക്ക് പകരമാവില്ലെങ്കിലും സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഏറ്റുവാങ്ങാന്‍ നിര്‍മ്മല എത്തിയത്.മകനെ ഉള്‍പ്പെടെ ഉറ്റവരായ 20 പേരെ ദുരന്തത്തില്‍ നഷ്ടമായ  ഷണ്‍മുഖനാഥനും അച്ഛനേയും അമ്മയേയും നഷ്ടമായ മാളവികയുമെല്ലാം ഇനിയുമടങ്ങാത്ത തേങ്ങലുകളടക്കി ധനസഹായം ഏറ്റുവാങ്ങി മടങ്ങി.ഒരു കോടി തൊണ്ണൂറ്റഞ്ച് ലക്ഷം രൂപയാണ് പെട്ടിമുടിയിലെ ദുരന്തബാധിതരുടെ അനന്തരാവകാശികളായുള്ളവര്‍ക്ക് നല്‍കിയത്.

 

date