കോവിഡ് വാക്സിൻ കുത്തിവയ്പ്പ് ഇന്നു (ജനുവരി 16) മുതൽ; ജില്ലയിൽ 11 കേന്ദ്രങ്ങൾ
കോവിഡ് വാക്സിൻ കുത്തിവയ്പ്പിന് ജില്ലയിൽ ഇന്നു (ജനുവരി 16) തുടക്കം. ജില്ലയിലെ 11 കേന്ദ്രങ്ങളിലാണു കുത്തിവയ്പ്പ് നടക്കുന്നത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ വെബ് കാസ്റ്റിങ് അടക്കമുള്ള എല്ലാ ക്രമീകരണങ്ങളും ഉറപ്പാക്കിയിട്ടുണ്ടെന്നു ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ പറഞ്ഞു. പാറശാല താലൂക്ക് ആശുപത്രിയിയിൽ ടൂ വേ കമ്യൂണിക്കേഷൻ സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
ശ്രീ ഗോകുലം മെഡിക്കൽ കോളേജ്, നെടുമങ്ങാട് ജില്ലാ ആശുപത്രി, പാറശാല താലൂക്ക് ആശുപത്രി, വിതുര താലൂക്ക് ആശുപത്രി, മണമ്പൂർ സാമൂഹികാരോഗ്യ കേന്ദ്രം, ജില്ല ആയുർവേദ ആശുപത്രി വർക്കല, തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, കിംസ് ആശുപത്രി, നിംസ് മെഡിസിറ്റി, പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പാങ്ങപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവയാണു ജില്ലയിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ. ഓരോ കേന്ദ്രത്തിലും വെയിറ്റിംഗ് റൂം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിങ്ങനെ മൂന്നു മുറികളാണുണ്ടാകുക. വാക്സിനേഷനായി അഞ്ചു വാക്സിനേഷൻ ഓഫിസർമാർ ഉണ്ടാകും. വാക്സിൻ എടുക്കാൻ വെയിറ്റിങ് റൂമിൽ പ്രവേശിക്കും മുമ്പ് ഒന്നാമത്തെ ഉദ്യോഗസ്ഥൻ ഐഡന്റിറ്റി കാർഡ് വെരിഫിക്കേഷൻ നടത്തും. പൊലീസ്, ഹോം ഗാർഡ്, സിവിൽ ഡിഫെൻസ്, എൻ.സി.സി. എന്നിവരാണ് ഈ സേവനം ചെയ്യുന്നത്. രണ്ടാമത്തെ ഉദ്യോഗസ്ഥൻ കോ വിൻ ആപ്ലിക്കേഷൻ നോക്കി വെരിഫൈ ചെയ്യും. ക്രൗഡ് മാനേജ്മെന്റ്, ഒബ്സർവേഷൻ മുറിയിലെ ബോധവത്ക്കരണം, എ.ഇ.എഫ്.ഐ. (Adverse Events Following Immunization) കിറ്റ് നിരീക്ഷണം എന്നിവ മൂന്നും നാലും ഉദ്യോഗസ്ഥർ നിർവഹിക്കുന്നതാണ്. വാക്സിനേറ്റർ ഓഫിസറാണ് വാക്സിൻ നൽകുന്നത്.
- Log in to post comments