Skip to main content

ജില്ലയിൽ ആയിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കും

 

സംസ്ഥാന തലത്തിൽ ജനുവരി 26 ന്  പതിനായിരം സർക്കാർ ഓഫീസുകൾ മുഖ്യമന്ത്രി ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച് ജില്ലയിൽ ആയിരം ഓഫീസുകൾ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുമെന്ന് ഹരിതകേരളം മിഷൻ ജില്ലാ കോ-ഓഡിനേറ്റർ വൈ. കല്യാണ കൃഷ്ണൻ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബിനുമോളിന്റെ  അധ്യക്ഷതയിൽ ചേർന്ന  ഹരിതകേരളം ജില്ലാ മിഷൻ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറിൽ നടന്ന യോഗത്തിൽ ഹരിത ഓഫീസ് ലോഗോ പ്രകാശനം ചെയ്തു. 

വിദ്യാർത്ഥികൾ, യുവജനങ്ങൾ എന്നിവരെ അണിനിരത്തി  ജില്ലയിലെ ഏഴ് നഗരസഭകളിലും ഡിസ്പോസിബിൾ ഫ്രീ ക്യാമ്പയിൻ സംഘടിപ്പിക്കും.  ഗ്രാമ പഞ്ചായത്ത് തലത്തിൽ  ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

യോഗത്തിൽ ഹരിത കേരളം മിഷൻ അംഗങ്ങളായ  വകുപ്പ് മേധാവികൾ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലയിൽ 69 വാർഡുകളെ ഹരിത സമൃദ്ധി വാർഡുകളായി പ്രഖ്യാപിച്ചതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. ഓരോ ബ്ലോക്കിലെയും ഓരോ പഞ്ചായത്തുകൾ വീതം 13 ഗ്രാമപഞ്ചായത്തുകൾ തരിശ് രഹിത പഞ്ചായത്തുകളായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൈനർ ഇറിഗേഷൻ വകുപ്പ് 
ഹരിത കേരളം മിഷൻ്റെ ഭാഗമായുള്ള വരൾച്ചാ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.  ജില്ലാ മണ്ണ് സംരക്ഷണ വകുപ്പ് മിഷന്റെ ഭാഗമായി ഇതുവരെ എട്ട് കോടി രൂപയുടെ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്. ജില്ലയിലെ 1490 വാർഡുകളിൽ 1230 വാർഡുകളിലും ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യ ശേഖരിക്കുന്നതിന്റെ ഭാഗമായുള്ള വാതിൽപ്പടി ശേഖരണം നടത്തുന്നുണ്ടെന്നും 81 പഞ്ചായത്തുകളിൽ എം.സി.എഫ് പ്രവർത്തനം ആരംഭിച്ചതായും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പറഞ്ഞു.

ഹരിത ഓഫീസ് ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ. ബിനുമോൾ ജില്ലാ കലക്ടർ ഇൻ ചാർജ്ജും എ.ഡി എമ്മുമായ ആർ.പി. സുരേഷിന് നൽകി പ്രകാശനം ചെയ്തു. ശുചിത്വമിഷൻ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഹോർഡിംഗ് ഡിസൈൻ   മത്സരത്തിൽ വിജയിയായ മലമ്പുഴ സ്വദേശി അഖിൽ പ്രകാശന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പ്രോത്സാഹന സമ്മാനം കൈമാറി. 
 യോഗത്തിൽ ഭൂഗർഭജല വിഭാഗം ജില്ലാ മേധാവി, എം.ജി.എൻ.ആർ.ഇ.ജി.എസ് ജോയിൻ്റ് പ്രൊജക്ട് കോ-ഓഡിനേറ്റർ, നഗരകാര്യ ജോയിൻ്റ് ഡയറക്ടർ, അസി. ഡെവലപ്മെൻ്റ് കമ്മീഷണർ (ജനറൽ), കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓഡിനേറ്റർ, ശുചിത്വമിഷൻ ജില്ലാ കോ-ഓഡിനേറ്റർ, ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എന്നിവർ  പങ്കെടുത്തു.
 

date