കൂടുതൽ ജലാശയങ്ങളിൽ സോളാർ പാനലുകൾ വരും; സാധ്യതാ പരിശോധന തുടങ്ങി
കേരളത്തിലെ ജലസേചന പദ്ധതി പ്രദേശങ്ങളിൽ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള നടപടി സർക്കാർ വേഗത്തിലാക്കി. ജലാശയങ്ങളിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യതാ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഇടമലയാർ ജലസേചന പദ്ധതി പ്രദേശത്ത് സോളാർ പാനൽ സ്ഥാപിക്കാൻ സാധിക്കുന്ന 401273.95 ചതുരശ്രമീറ്ററും പെരിയാർ വാലി പദ്ധതിയിൽ പെരുമ്പാവൂരിന് കീഴിൽ 627236 ച.മീറ്ററും പിവിഐപി ഡിവിഷന്റെ കീഴിൽ 3316.71 ച. മീറ്ററും ചാലക്കുടി റിവർ ഡൈവർഷൻ സ്‌കീമിൽ 34140 ചതുരശ്ര മീറ്ററും കണ്ടെത്തിയിട്ടുണ്ട്.
മലങ്കര ഡാമിന്റെ റിസർവോയർ പ്രദേശത്തും മൂവാറ്റുപുഴ പദ്ധതിയുടെ പ്രധാന കനാലിന്റേയും കൈവഴിയുടെയും മുകളിൽ 80 കിലോമീറ്റർ ദൂരത്തും സോളാർ പാനലുകൾ സ്ഥാപിക്കാനും ലക്ഷ്യമിടുന്നു.
സംസ്ഥാന ജല അതോറിട്ടി തിരുവനന്തപുരം ജില്ലയിലെ ആറ്റുകാൽ, തിരുമല ജലസംഭരണികൾക്ക് മുകളിൽ സ്ഥാപിച്ച സൗരോർജ്ജ പ്ലാന്റുകൾ 2020 ഒക്ടോബർ അവസാനത്തോടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 2.12 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഓരോ പ്ലാന്റുകളുടേയും ശേഷി 100 കിലോവാട്ട് വീതമാണ്. ബാറ്ററി ഉപയോഗിക്കാതെ ശൃംഖലാബന്ധിതമായ സംവിധാനമാണ് ഈ നിലയങ്ങൾ സ്വീകരിച്ചിട്ടുള്ളത്. അതിനാൽ ലഭ്യമാകുന്ന ഊർജ്ജം പരമാവധി ഉപയോഗ പ്രദമാക്കാനും അറ്റകുറ്റപണികളുടെ ചെലവിൽ കുറവ് വരുത്താനും കഴിയും.
സമ്പൂർണ്ണ വൈദ്യുതീകരണമെന്ന ലക്ഷ്യത്തിലേക്ക് അടുക്കാൻ ചിലവ് കുറഞ്ഞ മാർഗ്ഗങ്ങളായ ജലവൈദ്യുത പദ്ധതികളും സൗരോർജ്ജ പദ്ധതികളും കൂടുതലായി ഉപയോഗിക്കുകയാണ് സർക്കാർ. അതിനായാണ് ജല അതോറിട്ടിയും ജലസേചന വകുപ്പും സൗരോർജ്ജ ഉത്പാദന രംഗത്തേക്ക് കടന്നത്. ഇരു വകുപ്പുകളുടെയും ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളിൽ സോളാർ പാനലുകൾ വിന്യസിക്കുന്നതാണ് പദ്ധതി. വകുപ്പുകളുടെ കീഴിലുള്ള കെട്ടിടങ്ങളുടെ പുരപ്പുറത്തും ഡാമുകളുടെ വൃഷ്ടി പ്രദേശത്തും സോളാർ പാനലുകൾ സ്ഥാപിക്കും. 1000 മെഗാവാട്ട് സൗരോർജമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോഗശേഷമുള്ള വൈദ്യുതി കെഎസ്ഇബിക്ക് കൈമാറാൻ കഴിയും എന്ന സാധ്യത ജലഅതോറിട്ടിക്ക് ഒരു വരുമാന മാർഗം കൂടി തുറന്നു നൽകുന്നു.
പി.എൻ.എക്സ്. 290/2021
- Log in to post comments