Skip to main content

ഓരുവെള്ള ഭീഷണി തടയാന്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓരുമുട്ട് സ്ഥാപിച്ചു

 

ആലപ്പുഴ: ഓരുവെള്ള ഭീഷണിയെ ചെറുക്കാന്‍ ചേന്നം പള്ളിപ്പുറം പഞ്ചായത്തില്‍ ഓരുമുട്ട് സ്ഥാപിച്ച് തൊഴിലുറപ്പ് തൊഴിലാളികള്‍. കൃഷിയുടെ നിലനില്‍പ്പിനും ശുദ്ധജല ലഭ്യതയ്ക്കും ഓരുജലം ഭീഷണിയായി വന്ന ഘട്ടത്തിലാണ് സ്ഥിരം തൊഴിലുറപ്പ് ജോലികളില്‍ നിന്ന് വ്യത്യസ്തമായി ഓരുമുട്ട് നിര്‍മ്മാണത്തിലേക്ക് തൊഴിലാളികള്‍ എത്തിയത്. പഞ്ചായത്തിലെ 1,2,9,10,13 വാര്‍ഡുകളിലായി 72  ഓരുമുട്ടുകളാണ് നിര്‍മിച്ചത്. നിരവധി ഏക്കറുകളോളം വരുന്ന നെല്‍ കൃഷിയെ ഓരുവെള്ള ഭീഷണിയില്‍ നിന്ന് രക്ഷപെടുത്തുകയാണ് ഓരുമുട്ട് നിര്‍മ്മാണത്തിന്റെ പ്രധാനലക്ഷ്യം. മറ്റു മേഖലകളിലെ പച്ചക്കറികൃഷി, ജാതികൃഷി, കുരുമുളക്, വാഴത്തോട്ടം എന്നിവയുടെ സംരക്ഷണവും ജനങ്ങള്‍ക്ക് ശുദ്ധജലം നല്‍കാനും ഓരുമുട്ട് നിര്‍മാണത്തിലൂടെ സാധ്യമാകും. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ശുദ്ധജല സൗകര്യം ഒരുക്കാനും ഇതിലൂടെ സാധിക്കും.

തൊഴിലുറപ്പ് തൊഴിലാളികള്‍ 20- 22 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് ഓരോ പ്രദേശങ്ങളിലെയും ഓരുമുട്ട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 2012ലാണ് ആദ്യമായി പള്ളിപ്പുറം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഓരുമുട്ട് നിര്‍മാണം നടത്തിയത്. തുടര്‍ന്നങ്ങോട്ടുള്ള എല്ലാ വര്‍ഷങ്ങളിലും തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ ഓരുമുട്ട് നിര്‍മാണം. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് പല പഞ്ചായത്തുകളിലും ഓരുമുട്ട് നിര്‍മ്മിക്കുന്ന പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ളവ ചെയ്യുന്നത്. അതില്‍ നിന്നു വ്യത്യസ്തമായി തൊഴിലുറപ്പ് ജോലികളില്‍ ഉള്‍പ്പെടുത്തി പള്ളിപ്പുറം പഞ്ചായത്തിലെ തൊഴിലാളികള്‍ ചെയ്യുന്ന ഈ പ്രവൃത്തി എല്ലാവര്‍ക്കും മാതൃകയാക്കാന്‍ പറ്റുന്ന ഒന്നാണെന്ന് പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷ് പറഞ്ഞു.

date