മുതിർന്നവരെ പഠിപ്പിക്കാൻ പഞ്ചായത്ത് മെമ്പറും വീട് കയറുന്നു.
തന്റെ വാർഡിൽ വിദ്യാഭ്യാസമില്ലാത്തവരായി ആരും ഉണ്ടാവരുതെന്ന വാശിയിലാണ് പുരുഷോത്തമൻ മെമ്പർ. പഠനം മുടങ്ങിയവർക്ക് സാക്ഷരതാ മിഷന്റെ തുല്യതാ കോഴ്സുകളെ പരിചയപ്പെടുത്താനും ഓരോരുത്തരുടെയും യോഗ്യതയ്ക്കനുസരിച്ച കോഴ്സിലേക്ക് രജിസ്റ്റർ ചെയ്യിക്കാനുമായി വീടുകൾ കയറിയിറങ്ങുകയാണ് മെമ്പറും കൂട്ടാളികളും.
ആര്യാട് ഗ്രാമ പഞ്ചായത്ത് പതിനൊന്നാം വാർഡ് മെമ്പർ പി.കെ.പുരുഷോത്തമനാണ് സാക്ഷരതാ പ്രേരക് എം.ടി. വത്സല കുടുംബശ്രീ എഡിഎസ് ഭാരവാഹികളായ രാജലക്ഷ്മി, ഗീതാരാധാകൃഷ്ണൻ തുടങ്ങിയവരോടൊത്ത് ഭവനസന്ദർശനം നടത്തുന്നത്.
പഠനം മുടങ്ങിയത് ആരുടെയും കുറ്റമല്ല; അവർക്ക് തുടർ പഠനത്തിനുള്ള സാധ്യത കാണിച്ചുകൊടുക്കേണ്ടത് ജനപ്രതിനിധികളുടെ ഉത്തരവാദിത്വമാണെന്ന് പുരുഷോത്തമൻ പറയുന്നു.
പത്താംതരം തുല്യതാ കോഴ്സിലേയ്ക്കും ഹയർ സെക്കണ്ടറി തുല്യതാ കോഴ്സിലേയ്ക്കും രജിസ്ട്രേഷൻ നടക്കുകയാണ്. പഠിതാക്കൾക്ക് ആവശ്യമായ കോഴ്സ് ഫീസ് ഗ്രാമ ബ്ലോക്ക് പഞ്ചായത്തുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്നും മെമ്പർ പറഞ്ഞു.
- Log in to post comments