കയര്‍ മേഖലയുടെ വളര്‍ച്ചയ്ക്ക് കൈത്താങ്ങായി 2020-21 ബജറ്റില്‍ അംഗീകാരം
കേരളത്തിന്‍റെ കേളികേട്ട പ്രഥമ പരമ്പരാഗത വ്യവസായമായ കയര്‍ മേഖല രണ്ടാം കയര്‍ പുന:സംഘടനയുടെ പിന്‍ബലത്തില്‍ അതിജീവനത്തോടെ മുന്നേറുകയാണ്. ടി വ്യവസായത്തെ കൈത്താങ്ങില്‍ നിര്‍ത്തുന്നതിനും, മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് തൊഴില്‍ സ്ഥിരതയും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമായി പ്രത്യേകമായി 25 കോടി രൂപയുടെ കടാശ്വാസ പദ്ധതി ബജറ്റ് വിഭാവനം ചെയ്യുകയുണ്ടായി.
നേരത്തെ മേഖലയില്‍ റിമോട്ട് സ്കീമില്‍ ഉള്‍പ്പടെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ എടുത്തതുമൂലം തിരിച്ചടവ് മുടങ്ങി ജപ്തി നടപടികളിലായ തൊഴിലാളികളെയും ചെറുകിട ഉല്‍പ്പാദകരെയും സംരക്ഷിക്കുവാന്‍ ലക്ഷ്യമിടുന്നതാണ് ടി പദ്ധതി. കടക്കെണിയിലായ മേഖലയിലെ തൊഴിലാളികള്‍ക്ക് വന്‍ ആശ്വാസം ഏകുന്നതാണിത്.
വിവിധ പൊതുമേഖലാ ബാങ്കുകള്‍, കേരള ബാങ്ക് എന്നിവ മുഖേന എടുത്ത റിമോട്ട് സ്കീം ഉള്‍പ്പടെയുള്ള വായ്പകളില്‍ കുടിശ്ശികയായവയില്‍ പലിശയും പിഴപലിശയും പൂര്‍ണ്ണമായും എഴുതിതള്ളുന്നതും, സഹകരണ സംഘങ്ങളില്‍ വൈദ്യുതി, വെള്ളക്കരം ഇനത്തില്‍ കുടിശ്ശിക ഉണ്ടായിട്ടുണ്ടെങ്കില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ബാധ്യത ഒഴിവാക്കുന്നതും, സ്റ്റാറ്റ്യൂട്ടറി കുടിശ്ശികകളായ ഇ. എസ്. ഐ., ഗ്രാറ്റുവിറ്റി (ജീവനക്കാരുടെ ആനുകൂല്യം ഒഴികെ) കുടിശ്ശികകളിലും, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പ്രകാരം അനുമതി നല്‍കുന്നതിലൂടെ ഈ പരമ്പരാഗത വ്യവസായത്തിന് കൂടുതല്‍ കരുത്തുപകരുകയാണ് ഇടതുപക്ഷസര്‍ക്കാര്‍.
രണ്ടാം പുന:സംഘടനയുടെ തുടര്‍ച്ചയായി ടി പദ്ധതികളിലൂടെയും, മറ്റ് ഒട്ടനവധി ക്ഷേമ പദ്ധതികളിലൂടെയും കയര്‍ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തുവാന്‍ ബജറ്റിലൂടെ കാര്യക്ഷമമായ പരിഗണന നല്‍കിയതിന് ബഹു. കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ അവര്‍കളെയും, ബഹു. ധനകാര്യ, കയര്‍ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക് അവര്‍കളെയും, കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ശ്രീ. ടി. കെ. ദേവകുമാറും, മാനേജ്മെന്‍റ് ടീമും നന്ദി രേഖപ്പെടുത്തി.
- Log in to post comments