പഴംകുളം പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു
തണ്ണീര്‍മുക്കത്തിന്റെയും ചേര്‍ത്തല നഗരത്തിന്റെയും അതിര്‍ത്തി പാലം
ആലപ്പുഴ : തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തിന്റേയും ചേര്‍ത്തല നഗരത്തിന്റേയും അതിര്‍ത്തി പാലമായ പഴംകുളം പാലത്തിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു. കാളികുളം ചെങ്ങണ്ട റോഡില്‍ പൂത്തോട്ട തോടിന് കുറുകെയുള്ള പഴംകുളം പാലം കൂടുതല്‍ സഞ്ചാരയോഗ്യമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മ്മിക്കുന്നത്. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായിരുന്ന പാലം പാടെ പൊളിച്ചു നീക്കിയാണ് കൂടുതല്‍ ഗുണനിലവാരത്തില്‍ നിര്‍മ്മിക്കുന്നത്. കഴിഞ്ഞ നവംബറിലാണ് പാലത്തിന്റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പൈലിങ് ജോലികള്‍ പൂര്‍ത്തിയായതിനെതുടര്‍ന്ന് പൈലിങ് ക്യാപ്പുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചതായി പൊതുമരാമത്ത് പാലം വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഡോ. സിനി പറഞ്ഞു.
പൊതുമരാമത്ത് വകുപ്പ് 4.15 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണത്തിനായി വകയിരുത്തിയിട്ടുള്ളത്. പുതിയ പാലത്തിന് 18.90 മീറ്റര്‍ നീളവും, 7.50 മീറ്റര്‍ ക്യാരേജ് വേയും 1.50 മീറ്റര്‍ വീതിയും ഉണ്ടാകും. നടപ്പാത ഉള്‍പ്പെടെ പാലത്തിന്റെ വീതി 11 മീറ്ററാണ്. ഇരുകരകളിലും൪ 100 മീറ്റര്‍ നീളത്തില്‍ റോഡും അതിനോടുകൂടി കോണ്‍ക്രീറ്റിന്റെ സംരക്ഷണ ഭിത്തിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 മാസമാണ് നിര്‍മ്മാണ കാലാവധി.
- Log in to post comments