ഹരിതകര്‍മസേനയ്ക്ക് 2.80 ലക്ഷം രൂപ വിതരണം ചെയ്യുന്നു
തദ്ദേശഭരണ സ്ഥാപനങ്ങളില്‍ അജൈവ മാലിന്യ ശേഖരണം നടത്തുന്ന ജില്ലയിലെ ഹരിതകര്‍മസേനയ്ക്ക് 2.80 ലക്ഷം രൂപയുടെ ചെക്ക് ഇന്ന് (26 ജനുവരി) വിതരണം ചെയ്യും. ഹരിതകര്‍മസേനയുടെ ചെക്ക് വിതരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം ഇന്ന് രാവിലെ 11.30 ന് മുഖ്യമന്ത്രി നടത്തും. ജില്ലയിലെ 54 തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നായി 33.77 ടണ്‍ തരംതിരിച്ച അജൈവ മാലിന്യങ്ങളാണ് ശേഖരിച്ചിട്ടുള്ളത്. ഇവിടങ്ങളിലുള്ള ഹരിതകര്‍മസേനയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ക്കാണ് പാഴ് വസ്തു ശേഖരണത്തിലൂടെ രണ്ടുലക്ഷം രൂപ ലഭിക്കുന്നത്. കാരോട് (16,300), പാറശാല (17,800), മലയിന്‍കീഴ് (12,300),പൂവച്ചല്‍ (11,500), കുളത്തൂര്‍(10,300) ഗ്രാമപഞ്ചായത്തുകളിലെ ഹരിതകര്‍മസേനകള്‍ക്ക് 10,000 രൂപയ്ക്ക് മുകളില്‍ പാഴ് വസ്തുക്കളുടെ വിലയായി നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കോര്‍പ്പറേഷന്റെ മുട്ടത്തറ പ്ലാന്റുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ 10 ടണ്‍ അജൈവമാലിന്യം തരംതിരിച്ച് ക്ലീന്‍കേരള കമ്പനിയ്ക്ക് നല്‍കിയ ഇനത്തില്‍ 74,700 രൂപയുടെ ചെക്കിന് അര്‍ഹരായി. സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ക്ലീന്‍കേരള കമ്പനിയാണ് ടി അജൈവ മാലിന്യങ്ങള്‍ ഏറ്റെടുത്ത് വില നല്‍കിയത്.
- Log in to post comments