Skip to main content

ദേശീയ സമ്മതിദായകദിനം : ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു 

 

 

ആലപ്പുഴ : ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി ബോധവത്കരണപരിപാടി സ്വീപിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ നടന്ന പരിപാടി ജില്ല കളക്ടര്‍ എ അലക്‌സാണ്ടര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് കളക്ടര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  പരിപാടിയുടെ ഭാഗമായി വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിന്റെ രജിസ്‌ട്രേഷന്‍ നടന്നു. രജിസ്‌ട്രേഷന്റെ ഉദ്ഘാടനം ജില്ല കളക്ടര്‍ നിര്‍വഹിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്ത നാല് വിദ്യാര്‍ഥികള്‍ക്ക്  രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കളക്ടര്‍  വിതരണം ചെയ്തു .

 നഫീസ ബീഗം, അലീന ജോസഫ്, അലീന സിയാദ്,  ഫാത്തിമത്ത് ഫര്‍സാന എന്നീ വിദ്യാര്‍ഥികളാണ് ആദ്യം പേര് രജിസ്റ്റര്‍ ചെയ്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയത്. 45 വിദ്യാര്‍ത്ഥികള്‍ ഇന്ന് സ്വീപ് വഴി പേര് രജിസ്റ്റര്‍ ചെയ്തു. 

നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ ഈ വര്‍ഷത്തെ ദേശീയ സമ്മതിദായക ദിനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് കളക്ടര്‍ പറഞ്ഞു. ജനാധിപത്യവ്യവസ്ഥയില്‍ സമ്മതിദായകര്‍ക്ക് പ്രഥമപരിഗണനയാണ് ഉള്ളത്. സമ്മതിദായകര്‍ ഇല്ലെങ്കില്‍ ജനാധിപത്യവ്യവസ്ഥ അപ്രസക്തമാണെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ വോട്ടര്‍പട്ടിക  പ്രസിദ്ധീകരിച്ചു എങ്കിലും തുടര്‍ച്ചയായ പ്രക്രിയ എന്ന നിലയില്‍   പേര് ചേര്‍ക്കുന്ന നടപടികള്‍ തുടര്‍ന്ന് പോകുമെന്നും ഇനിയും പേര് ചേര്‍ക്കുന്നവരുടെ പട്ടിക സപ്ലിമെന്ററി ആയി പ്രസിദ്ധപ്പെടുത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതുകൊണ്ടുതന്നെ പേര് ചേര്‍ക്കാനുള്ള ഈ അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു. 

ചടങ്ങില്‍ ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗം നോഡല്‍ ഓഫീസര്‍ വി പ്രദീപ് കുമാര്‍, കോളേജ് മാനേജര്‍ റവ. ഫാദര്‍ നെല്‍സണ്‍ തൈപ്പറമ്പില്‍, പ്രിന്‍സിപ്പല്‍ ഡോ. വി മാത്യു, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ എ തോമസ് , കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് വനിതാക്ഷേമ ഓഫീസര്‍ മിനി പോള്‍, കോളേജ് അധ്യാപകര്‍, അനധ്യാപകര്‍ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.:

date