Skip to main content

അഡ് ഹോക് ആസൂത്രണ സമിതി യോഗം ചേർന്നു

 

ആലപ്പുഴ : കിഫ്‌ബി മുഖേന  പഞ്ചായത്തുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പിലാക്കുന്നതിനാൽ നിലാവ് തുടങ്ങിയ പദ്ധതികൾക്ക് പ്രാധാന്യം നൽകണമെന്നും ഇന്റഗ്രേറ്റഡ് പദ്ധതികൾ ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് , ഗ്രാമപഞ്ചായത്ത് എന്നീ തലങ്ങളിൽ, ചർച്ച ചെയ്തു ആശയക്കുഴപ്പം ഒഴിവാക്കി നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി  അഡ് ഹോക്ക് ആസൂത്രണ സമിതിയോഗത്തില്‍ പറഞ്ഞു. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടിയന്തിരമായി ആവിഷ്‌കരിക്കേണ്ട പദ്ധതികളുടെ വിശകലനത്തിനായി ജില്ലാ കളക്ടർ എ അലക്സാണ്ടറുടെ അധ്യക്ഷതയിലാണ്  അഡ് ഹോക് ആസൂത്രണ കമ്മിറ്റി ചേര്‍ന്നത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമർപ്പിച്ച 68 പുതിയതും, പുതുക്കേണ്ടതുമായ പദ്ധതികൾ യോഗം അവലോകനം ചെയ്തു.
 
ഹ്രസ്വകാല, ദീർഘകാല അടിസ്ഥാനത്തിൽ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും നിലവിൽ മാർച്ച്‌ 31 ന് മുൻപായി തുടങ്ങാൻ സാധിക്കുന്ന ഹ്രസ്വകാല പദ്ധതികൾക്ക് മുൻ‌തൂക്കം നൽകി നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടർ യോഗത്തിൽ പറഞ്ഞു. മാലിന്യ സംസ്കരണം, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ കൂടുതൽ പ്രാധാന്യത്തോടെ നടപ്പിലാക്കാൻ ശ്രദ്ധിക്കണമെന്നും കേന്ദ്ര പ്ലാൻ ഫണ്ട് നഷ്ടപ്പെടാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും ജില്ലാ പ്ലാനിങ് ഓഫീസർ രതി കെ എസ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരെ ഓർമപ്പെടുത്തി. പദ്ധതി നടത്തിപ്പിൽ 54 ശതമാനം ഫണ്ട് വിനിയോഗത്തിലൂടെ ആലപ്പുഴ ജില്ല മികച്ച പ്രകടനമാണ് നടത്തുന്നതെന്നും പദ്ധതി വിഹിതം മികച്ച രീതിയിൽ വിനിയോഗിച്ചാൽ ഈ തലത്തിൽ ജില്ലയ്ക്ക് ഒന്നാം സ്ഥാനത്തെത്താൻ സാധിക്കുമെന്നും യോഗം വിലയിരുത്തി. 
യോഗത്തിൽ പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടർ ഹുസൈൻ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ  മുതലായവർ പങ്കെടുത്തു.

date